ജഡ്ജി എന്ന സ്ഥാനം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
ഡോ. ബി.ആർ. അംബേദ്കറുടെ ഭരണഘടനാ ആശയങ്ങളും പിതാവിന്റെ ആക്ടിവിസവുമാണ് തന്റെ നീതിന്യായ തത്വചിന്തയെ ആഴത്തിൽ സ്വാധീനിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. പുതിയ സുപ്രീ കോടതി ചീഫ് ജസ്റ്റിസിനെ ആദരിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സിജിഐ ബി.ആർ. ഗവായ്‌യുടെ പ്രസ്താവന.
ജഡ്ജി എന്ന സ്ഥാനം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. തന്റെ പിതാവ് നൽകിയ ഉപദേശമാണ് തന്നെ ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഗവായ് ഓർമിച്ചു. ഒരു വക്കീലായി തുടർന്നാൽ ധാരാളം പണം സമ്പാദിക്കാമെങ്കിലും അംബേദ്കർ മുന്നോട്ട് വെച്ച സാമൂഹികവും സാമ്പത്തികവുമായ നീതി എന്ന ആശയത്തിലൂന്നി കടമ നിർവഹിക്കാൻ ഒരു ജഡ്ജിക്ക് സാധിക്കുമെന്നായിരുന്നു ആർ.എസ്. ഗവായ് മകന് നൽകിയ ഉപദേശം. അച്ഛന്റെ ഉപദേശം സ്വീകരിച്ചതിൽ താൻ ഇന്ന് സന്തുഷ്ടനാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നതിൽ കാണിക്കുന്ന വിമുഖതയുടെ കാരണവും ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കാൻ സമൂഹവുമായി ഇടപഴകണം. ജുഡീഷ്യൽ ഒറ്റപ്പെടലിനെ താൻ എതിർക്കുന്നു. നിയമപുസ്തകത്തിലെ കറുപ്പും വെളുപ്പിലും ഉള്ള അക്ഷരങ്ങൾ മാത്രമല്ല, യഥാർഥ ലോകത്ത് നടക്കുന്നത് എന്താണെന്നും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിറവേറ്റപ്പെട്ടില്ലെങ്കിൽ പിന്നീട് വിമർശനത്തിന് കാരണമായേക്കാവുന്നതിനാലാണ് പൊതു വാഗ്ദാനങ്ങൾ ഒഴിവാക്കുന്നതിനായി അഭിമുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി.
Also Read: പൂനെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ
ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി.ആർ. ഗവായ്. ആദ്യ ബുദ്ധിസ്റ്റ് ചീഫ് ജസ്റ്റിസും. അദ്ദേഹത്തിന്റെ പിതാവ് ആർ.എസ്. ഗവായ് മുൻ കേരള ഗവർണറാണ്. മെയ് 14ന് ആണ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ചുമതലയേറ്റത്.