പിരായരി പഞ്ചായത്തിലെ ഒന്നാം വാർഡിന് ആവശ്യമായ എംഎൽഎ ഫണ്ട് നൽകാതെ അവഗണന കാട്ടിയെന്നാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിത്താര രംഗത്തെത്തിയത്
പാലക്കാട്ടെ കോൺഗ്രസിന് തലവേദനയായി പാർട്ടിയിലെ പ്രദേശിക പൊട്ടിത്തെറി. പിരായരി പഞ്ചായത്തിലെ ഒന്നാം വാർഡിനോട് ഷാഫി പറമ്പിൽ എംഎൽഎ ഫണ്ടിൽ അവഗണന കാണിച്ചുവെന്നരോപിച്ചാണ് പാർട്ടി മണ്ഡലം സെക്രട്ടറി ജി. ശശി വിമതശബ്ദം ഉയർത്തിയത്. പ്രശ്നം പറഞ്ഞുതീർക്കുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. എന്നാൽ ശശിയെ ഒപ്പം നിർത്താനാണ് എൽഡിഎഫിൻ്റെ തീരുമാനം.
പിരായരി പഞ്ചായത്തിലെ ഒന്നാം വാർഡിന് ആവശ്യമായ എംഎൽഎ ഫണ്ട് നൽകാതെ അവഗണന കാട്ടിയെന്നാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിത്താരയും രംഗത്തെത്തിയത്. പാർട്ടി വിടില്ലെന്നും എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് സജീവമാകില്ലെന്നും ഇവർ പറയുന്നു.
കോൺഗ്രസും മുസ്ലീം ലീഗും ചേർന്നാണ് പിരായരി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് ഭരണത്തിലെ ഒരു വർഷം അധ്യക്ഷസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് സിത്താരയുടെ പ്രതിഷേധം എന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നു. പ്രതിഷേധം ഉടൻ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കോൺഗ്രസ്സിന്റെയും യുഡിഫിന്റേയും ശക്തികേന്ദ്രമായ പിരായരി പഞ്ചായത്തിലാണ് വിമതസ്വരം എന്നത് കോൺഗ്രസ് നേതൃത്വത്തെ ഏറെ കുഴയ്ക്കുന്നുണ്ട്.