"തോറ്റുപോയ കുറേ ആളുകള്‍ക്ക് വേണ്ടിയുള്ള സിനിമ"; നരിവേട്ടയെ കുറിച്ച് അനുരാജ് മനോഹര്‍

2003ലെ മുത്തങ്ങ സമരത്തെ അടിസ്ഥാനമാക്കിയാണ് അനുരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്
"തോറ്റുപോയ കുറേ ആളുകള്‍ക്ക് വേണ്ടിയുള്ള സിനിമ"; നരിവേട്ടയെ കുറിച്ച് അനുരാജ് മനോഹര്‍
Published on


അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായ 'നരിവേട്ട' ഇന്നാണ് തിയേറ്ററിലെത്തിയത്. ചിത്രം മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ശക്തമായ സന്ദേശം പറഞ്ഞ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചത്. 2003ലെ മുത്തങ്ങ സമരത്തെ അടിസ്ഥാനമാക്കിയാണ് അനുരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മുത്തങ്ങ സമരം എന്ന ഭരണകൂടം ചോര കൊണ്ട് എഴുതിയ ചരിത്ര സംഭവത്തെ കുറിച്ചുള്ള പൊളിറ്റിക്കല്‍ ത്രില്ലറാണ് നരിവേട്ട. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പൊലീസ് അതിക്രമമാണ് 2003 ഫെബ്രുവരി 19 ന് മുത്തങ്ങയില്‍ അരങ്ങേറിയത്. എ.കെ.ആന്റണി സര്‍ക്കാറിന്റെ നിര്‍ദേശാനുസരണമാണ് കേരള പൊലീസ് മുത്തങ്ങയില്‍ അഴിഞ്ഞാടിയത്. അരികുവത്കരിക്കപ്പെട്ട മനുഷ്യര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് അതിക്രമത്തെയാണ് നരിവേട്ടയിലൂടെ അനുരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

"സിനിമ മുത്തങ്ങ സമരത്തെ കുറിച്ചാണെന്ന് ഞങ്ങള്‍ തന്നെ പറയുന്നത് ശരിയല്ല. ഞങ്ങള്‍ അത് റദ്ദ് ചെയ്യുന്നുമില്ല. പക്ഷെ ഒരുപാട് ഭൂസമരങ്ങള്‍ ഞങ്ങള്‍ നരിവേട്ടയില്‍ അടയാളപ്പെടുത്തുന്നുണ്ട്. തോറ്റുപോയ കുറേ ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള സിനിമ കൂടിയാണിത്" , എന്നാണ് അനുരാജ് മനോഹര്‍ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

മുത്തങ്ങ ഭൂസമരത്തെ വിശാല പ്രമേയ പരിസരമാക്കിയാണ് അനുരാഗ് മനോഹര്‍ നരിവേട്ട ഒരുക്കിയിരിക്കുന്നത്. അന്നത്തെ കാക്കിക്രൂരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തൊരു സര്‍ഗഹൃദയത്തിന്റെ ഭാവനയാണ് ഈ സിനിമ. കനമുള്ള കഥകള്‍ കൊണ്ട് സാഹിത്യമണ്ഡലത്തില്‍ അടയാളം തീര്‍ത്ത അബിന്‍ ജോസഫിന്റെ ആദ്യ തിരക്കഥ കൂടിയാണ് ഈ സിനിമ.

ടൊവിനോയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആര്യാ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം. ബാദുഷ, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികള്‍- കൈതപ്രം, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com