മഹാരാഷ്ട്രയിൽ രാജ്യദ്രോഹികളെ അധികാരത്തിൽ കയറാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ദവ് പറഞ്ഞു
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മഹാവികാസ് അഘാഡി സഖ്യത്തിലെ ആരെയും പിന്തുണയ്ക്കുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. പ്രചാരണ സമയത്ത് സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാണിക്കാൻ കഴിയാത്തത് പരാജയമായിരുന്നു. എന്നാൽ, മഹാരാഷ്ട്രയിൽ രാജ്യദ്രോഹികളെ അധികാരത്തിൽ കയറാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ദവ് പറഞ്ഞു.
മഹാവികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാൻ ആരെയും പിന്തുണയ്ക്കാൻ തയ്യാറാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മറുപടി. സുപ്രിയ സുലെ, രാജേന്ദ്ര ഷിംഗ്‌നെ, നിലേഷ് ലങ്കെ, ജിതേന്ദ്ര അവ്‌ഹദ് തുടങ്ങി ആര് മുഖ്യമന്ത്രിയായാലും താൻ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു മുഖം നൽകാൻ കഴിഞ്ഞില്ല, ഇനി തെരഞ്ഞെടുപ്പിന് ശേഷം ആര് നയിക്കുമെന്ന് ഒരുമിച്ച് തീരുമാനിക്കും. എന്നാൽ രാജ്യദ്രോഹികളെ അധികാരത്തിലേറാൻ അനുവദിക്കില്ല. ശിവസേന വിട്ട് പോയ പലരും പാർട്ടിയിലേക്ക് തിരികെ വരാനും പരസ്യമായി മാപ്പ് പറയാനും തയ്യാറാണ്. എന്നാൽ വിലയിട്ടുവെച്ചിരിക്കുന്ന ആളുകളെ തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയുടെ വോട്ട് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉദ്ദവ് താക്കറെ ഉയർത്തിയത്. ആര് വോട്ട് ചെയ്യണമെന്നും, ആര് വോട്ട് ചെയ്യേണ്ടെന്നും തീരുമാനിച്ച് ഭരണഘടന മാറ്റാൻ ബിജെപിയ്ക്ക് ധൈര്യമുണ്ടോയെന്നും ഉദ്ദവ് വെല്ലുവിളിച്ചു. കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന ബിജെപിയ്ക്ക് അടുത്ത അഞ്ച് വർഷം ഇരുന്നാലും ഒന്നും ചെയ്യാനാകില്ല. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതൊരിക്കലും വോട്ട് ജിഹാദല്ല, മറിച്ച് ഈ വോട്ടുകൾ സ്നേഹമാണെന്നും ബിജെപി ഉയർത്തുന്നത് മണ്ടൻ വാദമാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നം, വിദ്യാഭ്യാസം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശനങ്ങൾക്ക് പുറമെ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഗുജറാത്തിലേക്ക് മാറുകയാണ്. ഇതിനെല്ലാം എതിരെ മഹാരാഷ്ട്ര പോരാടുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.