
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന എതിരാളികളായ കോൺഗ്രസ്, ബിജെപി പാർട്ടികളുടെ ദേശീയ അധ്യക്ഷൻമാരോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടികളുടെ സ്റ്റാർ പ്രചാരകരായ അമിത് ഷായും രാഹുൽ ഗാന്ധിയും നടത്തിയ പ്രസ്താവനകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. ഇരുവരുടെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും രണ്ടാം ഘട്ട പോളിങ് നടക്കുന്ന ജാർഖണ്ഡിലും വോട്ടെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
മഹാരാഷ്ട്രയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങൾ അവസരങ്ങൾ തട്ടിയെടുത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. നവംബർ 6 ന് മുംബൈയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു കോൺഗ്രസ് നേതാവിൻ്റെ വിവാദ പ്രസ്താവന.
"രാഹുൽ ഗാന്ധിയുടെ ഇത്തരം പ്രസ്താവനകൾ മഹാരാഷ്ട്രയിലെ യുവാക്കളെ പ്രകോപിപ്പിക്കുന്നതാണ്. ഇത് രാഷ്ട്രത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്തം അപകടകരമാണ്. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവ് നടത്തിവരുന്ന പ്രചരണത്തിന് അനുസൃതമായി, രാഹുൽ ഗാന്ധിയുടെ പ്രസംഗം കള്ളവും നുണകളും നിറഞ്ഞതായിരുന്നു. സംസ്ഥാനങ്ങൾക്കിടയിൽ അതൃപ്തിയും ശത്രുതയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ, മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് രാഹുൽ ഗാന്ധി," ബിജെപിയുടെ പരാതിയിൽ പറയുന്നു.
നവംബർ 12 ന് ധൻബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസിനെയും അതിൻ്റെ സഖ്യകക്ഷികളെയും കുറിച്ച് തെറ്റായതും ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്നാണ് കോൺഗ്രസിൻ്റെ പരാതിയിലെ ആരോപണം.
"ഐഎൻസിയും അതിൻ്റെ സഖ്യകക്ഷികളും എസ്‌സി/എസ്ടിക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെ പ്രവർത്തിക്കുകയാണെന്നും, രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമിത് ഷാ തൻ്റെ പ്രസംഗത്തിൽ ആരോപിച്ചു. ജാർഖണ്ഡിലെ ബിജെപി പ്രചരണത്തിൽ ഉടനീളം എസ്‌സി,എസ്ടി അംഗങ്ങളിൽ നിന്നുള്ള സംവരണം എടുത്തുകളയാൻ കോൺഗ്രസ് പദ്ധതിയിടുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു," നവംബർ 13 ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് മുൻപായി മറുപടി നൽകണമെന്നാണ് നിർദേശം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, നിലവിലുള്ള ഭിന്നതകൾ വഷളാക്കുന്നതോ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതോ മതപരമോ ഭാഷാപരമോ ആയ ഭിന്നതകൾ സൃഷ്ടിക്കുന്നതോ ആയ ഒരു പ്രവർത്തനവും ഒരു പാർട്ടിയോ സ്ഥാനാർഥിയോ നടത്തരുത്.