തുടർന്ന് ഓട്ടോഡ്രൈവറും ഇയാളെ സഹായിക്കാനെത്തിയവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു
മുംബൈയിലെ മലാഡിൽ റോഡ് തർക്കത്തിനിടെ 28 കാരനെ മാതാപിതാക്കളുടെ മുന്നിലിട്ട് അടിച്ചു കൊന്നു. ആകാശ് മയീൻ എന്ന യുവാവാണ് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകീട്ട് പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ഡ്രൈവർ ആകാശിൻ്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കി. തുടർന്ന് ഓട്ടോഡ്രൈവറും ഇയാളെ സഹായിക്കാനെത്തിയവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
Also Read: നോയിഡയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു; സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ആകാശിൻ്റെ അമ്മ മകന് മർദനം ഏൽക്കാതിരിക്കാനായി അയാൾക്ക് മേൽ കിടക്കുന്നതും പിതാവ് അക്രമികളെ തള്ളിമാറ്റുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
മയീനെ ചവിട്ടുകയും ഇടിക്കുകയും ചെയ്തതാണ് ഗുരുതരമായ പരുക്കുകൾക്ക് കാരണമായത്. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 6 പേരെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തതായും ആകെ 9 പേർ സംഭവത്തിൽ അറസ്റ്റിലായതായും ദിനോഷി പൊലീസ് അറിയിച്ചു.