സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ല
നോയിഡയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കുട്ടി പഠിച്ചിരുന്ന മുന്‍നിര സ്വകാര്യ സ്‌കൂളിലെ ഹൗസ് കീപ്പിങ് ജീവനക്കാരൻ അറസ്റ്റിലായി. സെക്ടർ 20 പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടിയുടെ അസാധാരണ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.
നോയിഡയിലെ നിഠാരി സ്വദേശിയായ പ്രതി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സ്കൂളില്‍ കരാർ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒക്ടോബർ 9ന് മൂന്ന് വയസുകാരിയെ സ്കൂളിൻ്റെ സിസിടിവി കവറേജിന് പുറത്തുള്ള ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Also Read: "പടക്കം പൊട്ടിയതാണെന്നാണ് കരുതിയത്"; സിദ്ദിഖിയെ ലക്ഷ്യം വെച്ച ബുള്ളറ്റുകളില്‍ ഒന്ന് തറച്ചത് യുവാവിന്‍റെ കാലില്‍
സ്കൂളില്‍ നിന്നും തിരികെയെത്തിയ കുട്ടി പതിവില്ലാതെ നിശബ്ദയായിരിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുട്ടി അടിവയറു വേദനിക്കുന്നുവെന്ന് പറഞ്ഞതോടെ ഇവർ ആശുപത്രിയിലെക്ക് കൊണ്ടുപോയി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർ അറിയിച്ചതോടെയാണ് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 65(2) ( 12 വയസിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുക), പോക്സോ നിയമത്തിൻ്റെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.