
സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഗവർണറോട് അത് മറച്ചുവെച്ചു. മാധ്യമങ്ങളോട് വിശദീകരിക്കുകയും ഗവർണ്ണറെ ഇരുട്ടിൽ നിർത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യം സെപ്തംബർ 21 ന് മുഖ്യമന്ത്രി വർത്ത സമ്മേളനത്തിൽ പറഞ്ഞതാണ്. ദ ഹിന്ദു വാർത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ല. റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഫോൺ ചോർത്തൽ മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇത് അതീവ ഗുരുതരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
താൻ പറയാത്ത കാര്യമാണ് ദ ഹിന്ദുവിൽ അച്ചടിച്ച് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. അത് ജില്ലയ്ക്ക് എതിരല്ല. കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. 2020 മുതൽ 147.79 കിലോ ഗ്രാം സ്വർണമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടിയത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.