കണ്ണീരോടെ നാട്; അർജുൻ്റെ മൃതദേഹം കേരളത്തിലെത്തി, വഴി നീളെ അന്തിമോപചാരം അർപ്പിച്ച് ജനങ്ങൾ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾ ഇന്നലെ വൈകീട്ടോടെയാണ് ഏറ്റുവാങ്ങിയത്. കേരള അതിർത്തി വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിച്ചു.
കണ്ണീരോടെ നാട്; അർജുൻ്റെ മൃതദേഹം കേരളത്തിലെത്തി, വഴി നീളെ അന്തിമോപചാരം അർപ്പിച്ച് ജനങ്ങൾ
Published on



ഷിരൂർ ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്ത അർജുൻ്റെ മൃതദേഹം ജന്മനാട്ടിലേക്ക്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും, തെരച്ചിലുകൾക്കുമൊടുവിലാണ് അർജുൻ്റെ മൃതദേഹം ലഭിക്കുന്നത്. പുലർച്ചെ തന്നെ മൃതദേഹം കേരളത്തിലെത്തി. അതിർത്തിയായ തലപ്പാടിയിൽ അർജുന് അന്തിമോപചാരം അർപ്പിച്ച് നിരവധിപ്പേർ എത്തിയിരുന്നു. കാസർഗോഡ് ജില്ലാ കളകടർ കെ.ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ അന്തിമോപചാരമർപ്പിച്ചു.


കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾ ഇന്നലെ വൈകീട്ടോടെയാണ് ഏറ്റുവാങ്ങിയത്. കേരള അതിർത്തി വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിച്ചു. നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.തെരച്ചിലിൽ പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം
അർജുന്‍റേത് തന്നെയാണെന്നും, ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥി കഷണങ്ങളടക്കമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. 

രാവിലെ എട്ടു മണിയോടെയാകും അർജുന്റെ മൃതദേഹം വീട്ടിലെത്തിക്കുക. കണ്ണാടിക്കലിൽ നിന്നും വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്. പൂളാടിക്കുന്നിൽ നിന്നും ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും. വീട്ടിൽ ഒരു മണിക്കൂർ നേരം പൊതുദർശനം നടത്തിയശേഷമായിരിക്കും, കുടുംബത്തിൻ്റെ ആഗ്രഹപ്രകാരം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുക.


അർജുനെ കണ്ടെത്താൻ കർണാടക സർക്കാരും താനും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്തുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. കേരള സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം എല്ലാ സംവിധാനങ്ങളുമെത്തിച്ചു. മേജർ ഇന്ദ്രബാലൻ്റെ പ്രവർത്തനം നിർണായകമായി. എല്ലാ പ്രവർത്തനങ്ങൾക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൂർണ പിന്തുണ ലഭിച്ചുവെന്നും സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഷിരൂരിൽ സമയാസമയം വിവരങ്ങൾ അറിയിക്കുകയും, വലിയ പിന്തുണ നൽകുകയും ചെയ്ത മാധ്യമപ്രവർത്തകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും പറഞ്ഞ കാർവാർ എംഎൽഎ മാധ്യമപ്രവർത്തകരോട് നന്ദി പറഞ്ഞു. കർണാടക സർക്കാരിൻ്റെ ധനസഹായം സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അർജുൻ്റെ കുടുംബത്തിന് കൈമാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com