അഞ്ച് മാസം അഴികളെണ്ണി തീർത്തു കെജ്‌രിവാൾ; ഇത് ആം ആദ്മിയെ 'തീർക്കാനുള്ള ബിജെപി ക്വട്ടേഷൻ'?

ആം ആദ്മിയെ രാജ്യത്ത് മുച്ചൂടും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കളും, ഇന്ത്യ മുന്നണിയിലെ മറ്റു പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.
അഞ്ച് മാസം അഴികളെണ്ണി തീർത്തു കെജ്‌രിവാൾ; ഇത് ആം ആദ്മിയെ 'തീർക്കാനുള്ള ബിജെപി ക്വട്ടേഷൻ'?
Published on


കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആദ്യം അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ് പലവട്ടം ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിരുന്നുവെങ്കിലും, ആദ്യ ഘട്ടത്തിൽ നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ ഇതിൽ നിന്നെല്ലാം തുടരെത്തുടരെ ഒഴിഞ്ഞുമാറിയിരുന്നു.

എന്നാൽ, ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ആം ആദ്മി പാർട്ടിയുടെ സ്റ്റാർ ക്യാമ്പെയ്നറെ പൂട്ടാൻ ഇ.ഡിക്ക് കഴിഞ്ഞു. അതിലൂടെ നിർണായക ഘട്ടത്തിൽ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷനെ തടവിലിടാനും, പാർട്ടിയുടെ മുന്നേറ്റങ്ങളെ ചെറുക്കാനും, ഇന്ത്യ മുന്നണിയെ സമ്മർദ്ദത്തിലാക്കാനും എൻഡിഎയ്ക്ക് സാധിച്ചു. ആം ആദ്മിയെ രാജ്യത്ത് മുച്ചൂടും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കളും, ഇന്ത്യ മുന്നണിയിലെ മറ്റു പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നുവെന്നും എഎപി നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ആം ആദ്മി പാർട്ടിക്കാരെ പാകിസ്ഥാനികളോടാണ് അമിത് ഷാ ഉപമിച്ചിരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നത് ബിജെപിക്ക് പുതുമയുള്ള കാര്യമല്ല. ഡൽഹിയിലേയും പഞ്ചാബിലെയും ആം ആദ്മി സർക്കാരുകളെ ഭരണത്തിൽ നിന്ന് താഴെയിറക്കുമെന്നും അമിത് ഷാ പാർട്ടി ബിജെപി അണികൾക്ക് ഉറപ്പുനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട്, സാമ്പത്തിക തട്ടിപ്പ് തടയൽ നിയമപ്രകാരമാണ് (Prevention of Money Laundering Act) ഇ.ഡി കെജ്‌രിവാളിനെതിരെ കേസെടുത്തത്. ഈ കേസിൽ നേരത്തെ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹി മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ കേസ് (Prevention of Corruption Act) പ്രകാരം സിബിഐ കേസെടുത്തത്.

ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജ്‍രിവാളാണെന്നാണ് സിബിഐയുടെ വാദം. കേസില്‍ ആം ആദ്മി പാര്‍ട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും മദ്യ വ്യവസായത്തിലൂടെ നികുതി കൂട്ടാന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് എന്നുമാണ് കെജ്‌രിവാളിൻ്റെ വാദം. കോവിഡ് കാലത്ത് കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പ് അംഗങ്ങളുടെ സ്വകാര്യ വിമാനത്തില്‍ ഡൽഹിയിൽ എത്തിയെന്നും, സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു എന്നുമാണ് സിബിഐ നിരീക്ഷണം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെജ്‍രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി ഹൈക്കോടതി സെപ്തംബർ 11 വരെ നീട്ടിയിരുന്നു. നേരത്തെ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. സിബിഐയുടെ അറസ്റ്റ് ശരിവെച്ച ഡൽഹി ഹൈക്കോടതിയുടെ തീരുമാനത്തെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നത്.

സുപ്രീം കോടതി ഇടപെൽ ഇത് മൂന്നാം തവണ

ജൂലൈ 12നാണ് ഇ.ഡി കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി രണ്ടാമതും ഇടക്കാല ജാമ്യം അനുവദിച്ചത്. അന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവങ്ങൾക്ക് ശേഷം രണ്ടാം തവണയാണ് ഡൽഹി മുഖ്യമന്ത്രിക്ക് ഇടക്കാല ജാമ്യം ലഭിക്കുന്നത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണ സമയത്ത് കുറച്ച് ദിവസത്തേക്ക് മാത്രമായി കെജ്‌രിവാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

90 ദിവസത്തിലേറെ വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആം ആദ്മി അധ്യക്ഷന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെജ്‌രിവാളിൻ്റെ അറസ്റ്റ് സംബന്ധിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് ഒരു വിശാല ബെഞ്ച് വേണമെന്നും രണ്ടംഗ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

എന്തൊക്കെയാണ് സിബിഐയുടെ ആരോപണങ്ങൾ?

☞ കെജ്‌രിവാൾ, സത്യേന്ദർ ജെയിൻ, അമിത് അറോറ, വിനോദ് ചൗഹാൻ, ആശിഷ് മാത്തൂർ, പി. ശരത് റെഡ്ഡി എന്നിവരെ കേസിൽ പ്രതികളാക്കി ജൂലൈ 30ന് സിബിഐ നാലാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.

☞ കേസിലെ പ്രാഥമിക ഗൂഢാലോചനക്കാരിൽ ഒരാളാണ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളെന്നും സിബിഐയുടെ കുറ്റപത്രം ആരോപിക്കുന്നു. കെ. കവിത, രാഘവ് മഗുണ്ട, അരുൺ പിള്ള, ബുച്ചിബാബു ഗോരന്ത്ല, പി. ശരത് റെഡ്ഡി, അഭിഷേക് ബോയിൻപള്ളി, ബിനോയ് ബാബു എന്നിവരടങ്ങിയ സൗത്ത് ഗ്രൂപ്പുമായി കെജ്‌രിവാളിന് ബന്ധമുണ്ടെന്നും സിബിഐ വാദിക്കുന്നു.

☞  അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന അദ്ദേഹത്തിൻ്റെ അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് 21ന് 55കാരനായ കെജ്‌രിവാളിനെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി ആദ്യം അറസ്റ്റ് ചെയ്തു. ഈ അപ്രതീക്ഷിത സംഭവവികാസം ഡൽഹി രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും, കേന്ദ്ര സർക്കാരും എഎപിയും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുകയും ചെയ്തു.
☞ ജൂൺ 26ന് കെജ്‌രിവാളിനെ ഡൽഹി റൂസ് അവന്യൂ കോടതിയിൽ വെച്ച് സിബിഐ കസ്റ്റഡിയിൽ എടുക്കുകയും, പിന്നീട് ജൂൺ 29ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

☞ ഇ.ഡി. കേസിൽ ജൂലൈ 12ന് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും, സിബിഐ അറസ്റ്റ് ചെയ്തതിനാൽ അദ്ദേഹം തിഹാർ ജയിലിൽ തുടരുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com