ഏത് കേസിലും പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ ശ്രീകുമാറിനെ നിർബന്ധിച്ചിരുന്നു
മലപ്പുറം എടവണ്ണയിൽ എഎസ്ഐ ശ്രീകുമാർ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസർ രംഗത്ത്. സേനയിൽ നിന്നും, എസ്പിയിൽ നിന്നുമുള്ള സമ്മർദ്ദമാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണം എന്ന് നാസർ പറഞ്ഞു. ശ്രീകുമാർ മരിക്കുന്നതിന്റെ തലേ ദിവസം സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് തന്നോട് തുറന്ന് പറഞ്ഞിരുന്നു എന്നും സുഹൃത്ത് നാസർ വ്യക്തമാക്കി.
ഏത് കേസിലും പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ ശ്രീകുമാറിനെ നിർബന്ധിച്ചിരുന്നു. മുൻ എസ്പി സുജിത് ദാസിന്റെ നിർദേശപ്രകാരമാണ് പ്രതികളെ മർദിക്കാനായി കൊണ്ട് വന്നത്. അത് ചെയ്യാതെ വന്നപ്പോൾ പലവട്ടം അദ്ദേഹത്തെ സ്ഥലം മാറ്റി. അവധി നൽകാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും നാസർ പറഞ്ഞു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തിൽ നിന്ന് ചില പേജുകൾ പൊലീസ് കീറി കൊണ്ട് പോയത് താൻ കണ്ടിട്ടുണ്ട്. ആത്മഹത്യ കുറുപ്പാണ് പൊലീസ് കീറികൊണ്ട് പോയത് എന്നും നാസർ പറഞ്ഞു.
ALSO READ: കൊല്ലത്ത് യുവതിക്ക് മർദനമേറ്റ സംഭവം: കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഡിഐജി അജിതാ ബീഗം
ഒരു ഡയറിയെക്കുറിച്ചും ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ അത് പൊലീസുകാർക്ക് കിട്ടിയോ എന്ന് അറിയില്ല. ജോലി രാജിവെക്കുന്ന കാര്യവും തന്നോട് പറഞ്ഞിരുന്നു. എന്നാൽ ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരി ആയിരുന്നതിനാൽ അവരുടെ ജോലി പോകുമോ എന്ന ഭയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീകുമാറിനും ഭാര്യയ്ക്കും ഡ്യൂട്ടി നൽകുന്നതും വ്യത്യസ്ത സമയങ്ങളിലാണ്. രണ്ടുപേരെയും ഒന്നിച്ചു വീട്ടിൽ കഴിയാൻ അനുവദിക്കാറില്ല എന്നും ശ്രീകുമാർ പറഞ്ഞിരുന്നതായും നാസർ വ്യക്തമാക്കി. 2021 ജൂൺ 10 നായിരുന്നു എടവണ്ണ സ്വദേശിയായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്തത്.