
കോട്ടയം ഏറ്റുമാനൂരിൽ 9 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
അസം ബെക്‌സാ സ്വദേശി അനിൽ എക്കയ്ക്കെതിരെയാണ് കോട്ടയം അതിവേഗ പോക്സോ കോടതിയുടെ ശിക്ഷാ വിധി. 2022 നവംബർ മാസം ഏറ്റുമാനൂരിലെ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ വച്ച് 9 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. 60 വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും ആണ് പ്രതിക്ക് കോടതി വിധിച്ചത്.
ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏറ്റുമാനൂർ മുൻ എസ്എച്ച്ഒമാരായിരുന്ന രാജേഷ് കുമാർ സി.ആർ, പ്രസാദ് ഏബ്രഹാം വർഗീസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പോൾ കെ എബ്രഹാം ഹാജരായി.