മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യം: യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഉൾപ്പടെ 6 നേതാക്കൾക്കെതിരെ കേസ്

ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യം: യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഉൾപ്പടെ 6 നേതാക്കൾക്കെതിരെ കേസ്
Published on

കണ്ണൂർ മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കേസ്. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ഉൾപ്പടെ ആറ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ മയ്യിൽ ഏരിയ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 'ധീരജിനെ കുത്തിയ കത്തി അറബി കടലിൽ എറിഞ്ഞിട്ടില്ല' എന്നായിരുന്നു യൂത്ത് കോൺഗ്രസ് മുദ്രാവാക്യം.


കഴിഞ്ഞ ദിവസമാണ്, കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലായിരുന്നു പദയാത്ര. പദയാത്രയ്ക്കിടെ "എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല," എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷമുണ്ടാവുകയും, 75 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. പദയാത്ര മലപ്പട്ടം സെൻ്ററിലെത്തിയപ്പോൾ ജാഥയുടെ പുറകിലുണ്ടായ 50 കോൺ​ഗ്രസ് പ്രവർത്തകരും, റോഡരികിൽ കൂടിനിന്ന സിപിഐഎം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്ന്.

കണ്ണൂർ കളക്​ട്രേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ഒരു കോൺഗ്രസ് പ്രവർത്തകൻ നശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മലപ്പട്ടം സ്വദേശി സനീഷ് പി.ആർ എന്ന കോൺ​ഗ്രസ് പ്രവർത്തകനാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടർന്ന് സനീഷിന്‍റെ വീടിനോട് ചേർന്നുള്ള ​ഗാന്ധി സ്തൂപവും, കോൺ​ഗ്രസിൻ്റെ കൊടിമരവും സിപിഐഎം പ്രവർത്തകർ നശിപ്പിച്ചു.



തൻ്റെ വീടിനുനേരെയും ആക്രമണമുണ്ടായതായി സനീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ 'സിപിഐഎം പാർട്ടി ​ഗ്രാമമായ മലപ്പട്ടത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് ജീവിക്കാനാകുന്നില്ല' എന്ന് ആരോപിച്ച് പദയാത്ര നടത്തിയത്. അടുവാപ്പുറത്ത് നിന്നും മലപ്പട്ടം സെൻ്ററിലേക്കായിരുന്നു പദയാത്ര. ഈ യാത്രയിലാണ് സംഘർഷമുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com