മുഡ ഭൂമി കുംഭകോണക്കേസിൽ 300 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; രാഷ്ട്രീയപ്രേരിതമെന്ന് സിദ്ധാരാമയ്യ

റിയൽ എസ്റ്റ്റ്റേറ്റ് ബിസിനസുകാരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയടക്കം 142 സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
മുഡ ഭൂമി കുംഭകോണക്കേസിൽ 300 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; രാഷ്ട്രീയപ്രേരിതമെന്ന് സിദ്ധാരാമയ്യ
Published on

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി കുംഭകോണക്കേസിൽ 300 കോടി രൂപ മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി നടപടി. റിയൽ എസ്റ്റ്റ്റേറ്റ് ബിസിനസുകാരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയടക്കം 142 സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമെന്ന് സിദ്ധാരാമയ്യ ആവർത്തിച്ചു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കി.

മുഡ‍ എന്ന മൈസൂരു അ‍ർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിലാണിപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം 300 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് ഇഡി ഏറ്റെടുത്തത്. റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ, വ്യവസായികൾ, രാഷ്ട്രീയ ബന്ധമുള്ള ബിനാമികൾ എന്നിവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ ഭൂമിയാണ് കണ്ടുകെട്ടിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർ‌വതി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

നഗര വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരമായി മൈസൂരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി പത്തിരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ച് വ്യക്തികൾ‌ക്ക് ലാഭമുണ്ടാക്കുകയും സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തെന്നാണ് കേസ്. മൈസൂരു ലോകായുക്ത പൊലീസും ഇഡിയും കേസിൽ അന്വേഷണം നടത്തി. കോടികളുടെ കുംഭകോണം ഭൂമി വില്പയുടെ പേരിൽ നടന്നു എന്നാണ് ആരോപണം. 4000 കോടിയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. എന്നാൽ സിദ്ധരാമയ്യ ഇത് നിഷേധിച്ചിരുന്നു. രാഷ്ട്രീയ താത്പര്യമാണ് കേസിന് പിന്നിലെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. എന്നാൽ പ്രത്യേക കോടതി ഉത്തരവ് പ്രകാരം ലോകായുക്ത സെപ്റ്റംബർ 27ന് അന്വേഷണം ആരംഭിക്കുകയും ലോകായുക്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

മുഡ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലേക്ക് 14 സൈറ്റുകളുടെ നഷ്ടപരിഹാരം ലഭിച്ചെന്നും കണ്ടെത്തി. പാർവതിയുടെ പേരിലുള്ള കേസരെയിലെ മൂന്നര ഏക്കർ ഭൂമിയ്ക്ക് 3,24,700 രൂപയെങ്കിൽ, 56 കോടിയുടെ മൂല്യമുള്ള ഭൂമിയാണ് പകരം അവർക്ക് വിജയനഗറിൽ ലഭിച്ചതെന്നാണ് ഇഡിയുടെ വാദം. ഇത്തരത്തിലുള്ള നിരവധി വിൽപ്പനകൾ നടന്നു. ഇതെല്ലാം സർക്കാരിന് വലിയ നഷ്ടമുണ്ടാക്കി. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതും വിവാദമായിരുന്നു.

പാർവതിയും സഹോദരൻ മല്ലികാർജുനും മറ്റ് പ്രതികളും ചേർന്ന് കേസരെയിലെ ഭൂമി 2004ൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ രേഖ ചമച്ചതായി ഹർജിക്കാർ ആരോപിച്ചിരുന്നു. കേസ് വിവാദമായതോടെ ഈ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ മു‍ഡയ്ക്ക് തിരിച്ചുനൽകി. 4000 കോടിയുടെ ക്രമക്കേട് ആരോപണമുയര്‍ന്ന സംഭവത്തിൽ പ്രത്യേക കോടതി ഉത്തരവ് പ്രകാരം സെപ്തംബര്‍ 27നാണ് മൈസുരു ലോകായുക്ത പൊലീസ് കേസെടുത്തത്. ഇതിനെ തുടർന്ന് സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന വാദമാണ് മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com