"ആദ്യ മന്ത്രിസഭാ യോഗം അവസാനിച്ചു, വാഗ്ദാനങ്ങളെവിടെ?"; ബിജെപിക്കെതിരെ ആരോപണവുമായി അതിഷി മർലേന

"ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ ലഭിക്കുന്ന പദ്ധതി പാസാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു"
"ആദ്യ മന്ത്രിസഭാ യോഗം അവസാനിച്ചു, വാഗ്ദാനങ്ങളെവിടെ?"; ബിജെപിക്കെതിരെ ആരോപണവുമായി അതിഷി മർലേന
Published on

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ചുമതലയേറ്റതിന് പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി ആം ആദ്മി നേതാവ് അതിഷി മർലേന. ബിജെപിയുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല എന്നായിരുന്നു ബിജെപിക്കെതിരായ ആരോപണം.

മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആദ്യ യോഗത്തിൽ രണ്ട് അജണ്ടകൾ പാസാക്കി. അതിൽ പ്രതിമാസം 2,500 രൂപ ധനസഹായം നൽകാനുള്ള നിർദ്ദേശം ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഡൽഹിയിലെ സ്ത്രീകൾക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനമായിരുന്നു. ജനങ്ങളെ വഞ്ചിക്കാൻ ബിജെപി തയ്യാറായെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി കൂടിയായ അതിഷി ആരോപിച്ചു.

"ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ ലഭിക്കുന്ന പദ്ധതി പാസാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പുതിയ മുഖ്യമന്ത്രി രേഖാ ഗുപ്തയും കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് ഏഴിന് ആദ്യ മന്ത്രിസഭായോഗവും ചേർന്നു. പദ്ധതി പാസാകുമെന്ന പ്രതീക്ഷയിലായിരുന്നു സ്ത്രീകൾ," അതിഷി എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. "ആദ്യ ദിവസം തന്നെ ബിജെപി വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങി. അവർ പദ്ധതി പാസാക്കിയില്ല. ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം," അതിഷി കൂട്ടിച്ചേർത്തു.

എന്നാൽ, ഇതിന് പ്രതികരണവുമായി രേഖ ഗുപ്ത തന്നെ രംഗത്തെത്തി. "ഇത് ഞങ്ങളുടെ സർക്കാരാണ്, ഞങ്ങളുടെ അജൻഡയാണ്. ഞങ്ങൾ ഭരിക്കട്ടെ. അവർ ഞങ്ങളോട് എല്ലാം പറയേണ്ടതില്ല; അധികാരത്തിലിരിക്കുമ്പോൾ ചെയ്യേണ്ടത് അവർ ചെയ്തിട്ടുണ്ട്," രേഖ ഗുപ്ത പ്രതികരിച്ചു. 

അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിൻ്റെ അഭിമാനകരമായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ദേശീയ തലസ്ഥാനത്ത് ഡൽഹി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത തൻ്റെ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി നടപ്പാക്കാത്തതിന് മുൻ എഎപി ഭരണകൂടത്തെ ബിജെപി ആവർത്തിച്ച് കുറ്റപ്പെടുത്തി. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ, ഓരോ ഗുണഭോക്താവിനും മൊത്തം പത്ത് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകും, അതിനായി കേന്ദ്രവും സംസ്ഥാനവും അഞ്ച് ലക്ഷം രൂപ വീതം നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com