സുരക്ഷിത ഇടമില്ലാത്ത ഗാസ; അല്‍-മവാസിലെ അഭയാർഥി ടെന്‍റുകള്‍ക്ക് നേരെ ആക്രമണം; കൊല്ലപ്പെട്ടത് 40 പേർ

20 ടെന്‍റുകളാണ് അല്‍‌ മവാസിയിലെ അഭയാർഥി ക്യംപിലുണ്ടായിരുന്നത്. ഇവ പൂർണമായും തകർന്നു
GXFCBHtbEAAhJKm
GXFCBHtbEAAhJKm
Published on

ദക്ഷിണ ഗാസയിലെ അഭയാർഥി ക്യാംപിനു നേരെ ഇസ്രയേല്‍ ആക്രമണം. ഖാന്‍ യൂനിസിലെ അല്‍-മവാസി മേഖലയിലെ അഭയാർഥി ക്യാമ്പുകളിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 60 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹമാസ് ഭരണ കേന്ദ്രത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

20 ടെന്‍റുകളാണ് അല്‍‌-മവാസിയിലെ അഭയാർഥി ക്യംപിലുണ്ടായിരുന്നത്. ഇവ പൂർണമായും തകർന്നു. രാത്രിയില്‍ ക്യാംപിലുള്ളവർ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. റഫ, ഖാന്‍ യൂനിസ് പട്ടണങ്ങള്‍ക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ കയ്യേറ്റവും ആക്രമണങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ അല്‍-മവാസിയിലെ തീരപ്രദേശത്തേക്ക് എത്തിയത്. ഈ സ്ഥലം യുദ്ധത്തില്‍ നിന്നും സുരക്ഷിതമായ ഇടമായിരിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരുന്നത്. അതിജീവിച്ചവർക്കായുള്ള തെരച്ചിലില്‍ ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ ക്യാംപിന് സമീപം 9 മീറ്റർ ആഴമുള്ള വിള്ളലുകളാണ് കണ്ടെത്തിയത്. ബോംബിങ് നടന്ന ക്യാംപിന് സമീപം ബ്രിട്ടീഷ് ധർമസ്ഥാപനമായ യുകെ-മെഡ് നടത്തുന്ന ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു ഇസ്രയേല്‍ ആക്രമണം.

ALSO READ: സ്കൂളും, കൂട്ടുകാരും, ജീവനും നഷ്ടപ്പെടുന്ന ഗാസയിലെ കുട്ടികള്‍...!

ഈ യുദ്ധത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലയാണിതെന്നാണ് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ആംബുലന്‍സും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലമെന്ന വ്യജേന പ്രവർത്തിക്കുന്ന ഖാന്‍ യൂനിസിലെ ഹമാസ് ഭരണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഫൈറ്റർ ജെറ്റുകള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ മറികടക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൈന്യം എക്സിലൂടെ അറിയിച്ചു.

ALSO READ: മധ്യ സിറിയയിലെ ഇസ്രയേൽ മിസൈൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു

കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആർ) അല്‍-മവാസി ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലെ തീവ്ര വലത് വംശഹത്യ സർക്കാർ ഒരു ടണ്‍ ബൈഡന്‍ ബോംബുകളാണ് പലസ്തീനികളെ ചെമ്മരിയാടുകളെപ്പോലെ അറക്കാന്‍ ഉപയോഗിച്ചതെന്ന് സിഎഐആർ പറഞ്ഞു. ഈ വർഷം ആദ്യം 907 കിലോഗ്രാം ബോംബുകളും, സൈനിക വിമാനങ്ങളും അടങ്ങുന്ന യുഎസിന്‍റെ ഇസ്രയേലിനുള്ള സൈനിക സഹായത്തെ സിഎഐആർ എതിർത്തിരുന്നു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 40,988 പേർ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 94,825 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com