മെയ് 15ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച അട്ടാരി-വാഗ അതിര്‍ത്തി തുറന്ന് നല്‍കി ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. 23 ദിവസത്തിന് ശേഷമാണ് അട്ടാരി-വാഗ അതിര്‍ത്തി തുറന്നത്.
ഏപ്രില്‍ 24 മുതല്‍ 160 ഓളം ട്രക്കുകളാണ് ലാഹോറിനും വാഗ അതിര്‍ക്കുമിടയില്‍ ഇന്ത്യയിലേക്ക് കടക്കാനാവാതെ കുടുങ്ങിക്കിടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഈ ട്രക്കുകളെ ഇന്ത്യയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. മെയ് 15ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതല ആശയവിനിമയം നടക്കുന്നത്. ഇന്ത്യ ഇതുവരെ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ താലിബാന്‍ ഭാരണകൂടം അപലപിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി ജയ്ശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടത്. എക്‌സ് പോസ്റ്റിലൂടെ ജയ്ശങ്കറാണ് താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണ്‍ സംഭാഷണം നടന്നതായി അറിയിച്ചത്.