ജോലി വാഗ്ദാനം ചെയ്ത് അവയവക്കടത്തിന് ശ്രമം; ആറ്റിങ്ങല്‍ സ്വദേശിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സുഹൃത്തായ ആറ്റിങ്ങൽ സ്വദേശി രതീഷ് സുശീലനാണ് യുവതിയെ അവയവ കച്ചവട സംഘത്തിലെത്തിച്ചത്
ജോലി വാഗ്ദാനം ചെയ്ത് അവയവക്കടത്തിന് ശ്രമം; ആറ്റിങ്ങല്‍ സ്വദേശിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Published on

സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് അവയവക്കടത്തിന് നീക്കം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തലനാരിഴയ്ക്കാണ് അവയവ മാഫിയ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജോലിക്കെന്ന വ്യാജേന എറണാകുളത്ത് എത്തിച്ച് സംഘം യുവതിയുടെ വൈദ്യ പരിശോധനകള്‍ നടത്തി. സുഹൃത്തായ ആറ്റിങ്ങൽ സ്വദേശി രതീഷ് സുശീലനാണ് യുവതിയെ അവയവ കച്ചവട സംഘത്തിലെത്തിച്ചത്. കാര്യം മനസ്സിലാക്കി പിന്മാറാൻ ശ്രമിച്ചപ്പോൾ പരിശോധനകൾക്ക് ചെലവാക്കിയ വൻതുക വേണമെന്ന് സംഘം ആവശ്യപ്പെട്ടെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അവയവ കച്ചവട സംഘത്തിൽ നിന്ന് നേരിട്ട പീഡനങ്ങളും ദുരനുഭവങ്ങളും യുവതി ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി. രതീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

'ഹോസ്പിറ്റല്‍‍ ജോലിക്ക് ആവശ്യമായ പരിശോധന എന്ന പേരിലാണ് രതീഷ് കൂട്ടിക്കൊണ്ട് പോയത്. അവയവക്കച്ചവട സംഘമാണ് ഇതിന് പിന്നിലെന്ന് അറിയില്ലായിരുന്നു. നാലഞ്ച് മാസം മുന്‍പ് ഇതിനെച്ചൊല്ലി രതീഷുമായി തര്‍ക്കമുണ്ടായി. പരിശോധന നടത്തി കുറച്ച് ദിവസം കഴിഞ്ഞാണ് അവയവദാനത്തിനാണ് നീക്കം നടക്കുന്നതെന്ന് മനസിലായത്. എന്നെ മുന്‍ നിര്‍ത്തി രതീഷ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന് സംശയിക്കുന്നുണ്ട്. അവയവദാനത്തിന് ആവശ്യമായ രേഖകള്‍ കൃത്രിമമായി സംഘം തയ്യാറാക്കും. വധഭീഷണി പോലും ഉണ്ടായിട്ടുണ്ട് ' - യുവതി പറഞ്ഞു

അവയവ മാഫിയ സംഘത്തില്‍പ്പെട്ട വളാഞ്ചേരി സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നജുമുദ്ദീന്‍, ശശി എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട പത്ത് പേരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വര്‍ക്കല എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com