എതിർപ്പ് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. വീട്ടുകാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്ന് ബാലു പറഞ്ഞു
തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി ബി.എ. ബാലു. ഇനി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലി ചെയ്യില്ലെന്നും, ഞാൻ കാരണം അവിടെ ഒരു പ്രശ്നം ഉണ്ടാകരുതെന്നും, ബാലു പറഞ്ഞു. "ദേവസ്വം ഓഫീസ് ജീവനക്കാരനായി തുടരാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് ദേവസ്വത്തിന് അപേക്ഷ നൽകും. അംഗീകരിച്ചില്ലെങ്കിൽ നാട്ടിലേക് മടങ്ങും", ബാലു വ്യക്തമാക്കി. കഴക ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രതീക്ഷിച്ചില്ല. മാർച്ച് 6 ന് ദേവസ്വം കത്ത് നൽകിയപ്പോഴാണ് എതിർപ്പ് അറിഞ്ഞത്. എതിർപ്പ് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. വീട്ടുകാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ദേവസ്വമാണ് ഓഫീസ് സ്റ്റാഫായി തുടരാൻ പറഞ്ഞതെന്നും ബാലു പറഞ്ഞു.
ALSO READ: 'നിയമനം കാരായ്മ വ്യവസ്ഥ ലംഘിച്ച്, ജാതി വിവേചനം ഉണ്ടെന്ന് വരുത്തിതീർക്കാൻ നീചമായ പ്രചാരണം നടത്തുന്നു'; തന്ത്രി പ്രതിനിധി
ബാലുവിൻ്റെ പിന്മാറ്റം ഭയം മൂലമാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. പിന്മാറ്റം നട്ടെല്ലില്ലാത്ത ആളുകളുടെ രീതിയാണ്. "പ്രാദേശിക പിന്തുണ ഇല്ലാതെ ജോലി ചെയ്യാൻ ആവില്ല എന്ന് അയാൾ കരുതിക്കാണും. സർക്കാരും എസ്എൻഡിപിയും പിന്തുണ നൽകിയിട്ടും പിന്മാറാനുള്ള തീരുമാനമെടുത്തത് ശരിയായില്ല",വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. സർക്കാർ വിഷയത്തിൽ എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ബാലുവിനെ കഴകക്കാരനായാണ് നിയമിച്ചത്. അതുകൊണ്ടുതന്നെ ഓഫീസ് ജോലികളിലേക്ക് മാറ്റുന്നതിനുള്ള അധികാരം ദേവസ്വത്തിനില്ല. ബാലുവിൻ്റെ ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും, തുടർനടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി. കെ. ഗോപി അറിയിച്ചു. പ്രശ്നപരിഹാരത്തിനാണ് ദേവസ്വം ശ്രമിക്കുന്നത്. ബാലുവിന് കഴകക്കാരനായി തുടരാനുള്ള സാഹചര്യം ദേവസ്വം ഒരുക്കുമെന്നും, ഗോപി പറഞ്ഞു. കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി. ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
"ദേവസ്വം ബോർഡിൽ ഭിന്നിഭിപ്രായമാണ് ഉള്ളത്. ബാലു പിന്മാറാൻ പാടില്ല എന്നുള്ളതാണ് ദേവസ്വത്തിൻ്റെ നിലപാട്. ബാലുവിനെ ആവശ്യമായ എല്ലാ പിന്തുണയും ദേവസ്വം കമ്മിറ്റി നൽകും. അദ്ദേഹം ജോലിയിൽ നിന്ന് പിന്മാറുന്നതായി അറിയിപ്പ് ലഭിച്ചില്ല. അദ്ദേഹം എത്തിയാൽ കഴകം ഡ്യൂട്ടിയിൽ തന്നെയായിരിക്കും നിയോഗിക്കുക", ദേവസ്വം ബോർഡ് അംഗം അജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.