
ഗാസയിലെ കുഞ്ഞുങ്ങളുടെ ജീവിതം ജനിക്കും മുൻപേ അപകടത്തിലെന്ന് റിപ്പോർട്ട്. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് അഥവാ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) എന്ന ചാരിറ്റി ഓർഗണൈസേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പരാമർശം. ശൈത്യകാലമാരംഭിച്ചതോടെ കുഞ്ഞുങ്ങളുടെ ജീവൻ കൂടുതൽ ഭീഷണിയിലാവുകയാണ്. ഖാൻ യൂനിസ് നാസർ ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം അതിൻ്റെ ശേഷിക്കപ്പുറമാണ് പ്രവർത്തിക്കുന്നതെന്ന് എംഎസ്എഫ് റിപ്പോർട്ട് ചെയ്യുന്നു.
നാസർ ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ നിരവധി കുഞ്ഞു ജീവനുകളാണുള്ളത്. അതിശൈത്യത്തെ തുടർന്ന് ഗാസയിൽ ഒരാഴ്ചക്കുള്ളിൽ 6 കുഞ്ഞുങ്ങളാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധകൾ, നിർജ്ജലീകരണം, തുടങ്ങി ജീവന് അപകടമായേക്കാവുന്ന പല അകാലരോഗങ്ങളും ഗാസയിലെ നവജാത ശിശുക്കൾക്കുണ്ട്.
ഗാസയിലെ കുഞ്ഞുങ്ങളുടെ ജീവൻ പിറക്കും മുൻപേ ഭീഷണി നേരിടുന്നെന്ന് എംഎസ്എഫ് എമർജൻസി കോ-ഓർഡിനേറ്റർ പാസ്‌കെൽ കോയ്‌സാർഡ് പറയുന്നു. ഗാസയിൽ ശീതകാലം ആരംഭിച്ചിരിക്കുകയാണ്. യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിനാളുകൾ അഭയകേന്ദ്രങ്ങൾക്കായി തിരയുകയാണ്. ഇതോടെ ഗാസയിലെ കുഞ്ഞുങ്ങളുടെ ജീവൻ പിറവിക്ക് മുൻപേ ഭീഷണി നേരിടുന്ന “അസാധാരണമായ” സാഹചര്യത്തിലാണെന്ന് പാസ്കെൽ പറയുന്നു.
"ഗർഭപാത്രത്തിന് പുറത്തെത്തും മുൻപേ, ജീവിതം ആരംഭിക്കുന്നതിന് മുൻപുതന്നെ, കുഞ്ഞുങ്ങൾക്ക് രോഗമുണ്ടാകാനും, മരണം സംഭവിക്കാനും സാധ്യതയുണ്ട്. ജനിച്ചുകഴിഞ്ഞാൽ, കുഞ്ഞുങ്ങൾ അങ്ങേയറ്റം വെല്ലുവിളികളാണ് നേരിടുന്നത്. ശീതകാലത്തെ കൊടുംതണുപ്പിൽ പോലും ആവശ്യമായ ചൂടും, പാർപ്പിടവും, ആരോഗ്യപരിരക്ഷയും ലഭിക്കാതെയാണ് കുഞ്ഞുങ്ങളുണ്ടാവുന്നത് . ഇതിനൊപ്പം ഇസ്രയേൽ ഗാസയിൽ ബോംബാക്രമണം തുടരുകയും, ഗാസ മുനമ്പിലേക്ക് അവശ്യസാമഗ്രികൾ എത്തുന്നത് തടയുകയും ചെയ്യുന്നു," പാസ്കെൽ കൊയ്സാർഡ് വ്യക്തമാക്കി. കുടിവെള്ളവും മെഡിക്കൽ സപ്ലൈകളും ഉൾപ്പെടെയുള്ള അവശ്യസാമഗ്രികൾ ഗാസയിലെത്തിക്കാൻ വഴിയൊരുക്കണമെന്ന് എംഎസ്എഫ് ഇസ്രായേലി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ഗാസയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗാസ മുനമ്പിലുടനീളം 68 പേരാണ് കൊല്ലപ്പെട്ടത്. അല്‍-മവാസി അഭയാർഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പൊലീസ് ചീഫ് അടക്കം മരണപ്പെട്ടു. ഇതോടെ, 15ാം മാസത്തിലേക്ക് നീങ്ങുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45,500 കടന്നു.