
ഈ വർഷത്തെ എമ്മി പുരസ്കാരങ്ങളിൽ തിളങ്ങി ബ്രിട്ടീഷ് സീരീസ് ബേബി റെയിൻഡിയർ. മികച്ച രചന, മികച്ച നടൻ, മികച്ച സഹനടി അടക്കമുള്ള സുപ്രധാന പുരസ്കാരങ്ങൾ ബേബി റെയിൻഡിയർ നേടി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച ഈ ലിമിറ്റഡ് സീരീസ് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
റിച്ചർഡ് ഗഡ് എന്ന സ്കോട്ടിഷ് കൊമേഡിയൻ എഴുതിയ ബേബി റെയിൻഡിയർ എന്ന ലിമിറ്റഡ് സീരീസ്, എഴുപത്തിയാറാമത് എമ്മി പുരസ്കാര വേദിയിൽ വൻ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. കോമഡി രംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കാൻ പ്രയത്നിക്കുന്ന ഒരു സ്കോട്ടിഷ് കലാകാരൻ്റെ ജീവിതത്തിൽ നിന്നുള്ള കഥയാണ് ബേബി റെയിൻഡിയർ പറയുന്നത്.
റിച്ചർഡ് ഗഡ് തന്നെയാണ് പ്രധാന കഥാപാത്രമായ ഡോണി ഡണ്ണിനെ അവതരിപ്പിച്ചിരിക്കുന്നത് . റിചർഡ് ഗഡ് മികച്ച നടനുള്ള എമ്മി പുരസ്കാരം നേടി. സ്റ്റോക്കർ ആയി വേഷമിട്ട മാർത്ത സ്കോട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെസീക്ക ഗണ്ണിങ്ങ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.