ഒളിംപിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടമെന്നും ബ്രിജ്ഭൂഷൺ വിമർശിച്ചിരുന്നു
വിനേഷ് ഫോഗട്ടിനെതിരെ തട്ടിപ്പ് ആരോപിച്ച റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ രൂക്ഷ വിമർശനവുമായി, ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ ബജ്‌രംഗ് പൂനിയ രംഗത്ത്. ഒളിംപിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടമെന്നും ബ്രിജ്ഭൂഷൺ വിമർശിച്ചിരുന്നു.
ബ്രിജ്ഭൂഷണിൻ്റെ പരാമർശങ്ങൾ രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയെ ആണ് തുറന്നുകാട്ടുന്നതെന്ന് ബജ്‌രംഗ് പൂനിയ പറഞ്ഞു. "ഇത് വിനേഷിൻ്റെ മെഡൽ ആയിരുന്നില്ല. 140 കോടി ഇന്ത്യക്കാരുടെ മെഡലായിരുന്നു. അവളുടെ നഷ്ടത്തിൽ ബ്രിജ്ഭൂഷൺ ആഹ്ളാദിക്കുകയാണ് ചെയ്യുന്നത്,” ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പറഞ്ഞു.
"വിനേഷിൻ്റെ അയോഗ്യത ആഘോഷിച്ചവർ ദേശഭക്തരാണോ? ഞങ്ങൾ കുട്ടിക്കാലം മുതൽ രാജ്യത്തിന് വേണ്ടി പോരാടുന്നവരാണ്. അവർ പെൺകുട്ടികളെ പീഡിപ്പിക്കുന്നു. എന്നിട്ട് അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ ധൈര്യപ്പെടുകയാണ്," പൂനിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
READ MORE: ജെസൂസ് എത്തി; പുതിയ ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
വിനേഷ് ഫോഗട്ട് പാരിസ് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെടാൻ അർഹയാണെന്ന് മുൻ ബിജെപി എംപി വിമർശിച്ചിരുന്നു. "ബജ്‌രംഗ് ഏഷ്യൻ ഗെയിംസ് ട്രയൽസിന് പോകാതെ ഒളിംപിക്സിന് പോയത് ശരിയാണോ? ഗുസ്തിയിൽ വിദഗ്ദ്ധരായവരോടും, വിനേഷ് ഫോഗട്ടിനോട് ഇക്കാര്യം ചോദിക്കണം, ഒരു ദിവസം രണ്ട് ഭാര വിഭാഗങ്ങളിലായി ഒരു കളിക്കാരന് ട്രയൽസ് കൊടുക്കാനാകുമോ? ഭാരപരിശോധനയ്ക്ക് അഞ്ച് മണിക്കൂറിന് ശേഷം ട്രയൽസിൽ നിന്ന് വിട്ടുനിൽക്കാനാകുമോ? നിങ്ങൾ ഗുസ്തിയിൽ പരാജയപ്പെട്ടു, നിങ്ങൾ ഒളിംപിക്സിന് പോയത് തന്നെ തട്ടിപ്പാണ്. നിങ്ങളെ ശിക്ഷിച്ചത് ദൈവമാണ്," ബ്രിജ്ഭൂഷൺ വിമർശിച്ചു.