ഹരിയാന തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാനയില്‍ നിന്നും മത്സരിക്കും; ബജ്‌രംഗ് പുനിയ അഖിലേന്ത്യ കിസാൻ കോൺഗ്രസ് വർ‌ക്കിങ് ചെയർമാന്‍

ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹം നേരത്തേ തന്നെ ഉയർന്നു വന്നിരുന്നു. പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ സ്വീകരണമാണ് കോൺഗ്രസും നോട്ടമിട്ടത്
ഹരിയാന തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാനയില്‍ നിന്നും മത്സരിക്കും; ബജ്‌രംഗ് പുനിയ അഖിലേന്ത്യ കിസാൻ കോൺഗ്രസ് വർ‌ക്കിങ് ചെയർമാന്‍
Published on

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബറിയയാണ് ഇക്കാര്യം അറിയിച്ചത്. ബജ്‌രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർ‌ക്കിങ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. റെയിൽവേയിലെ ജോലി രാജിവച്ചാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.


ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹം നേരത്തേ തന്നെ ഉയർന്നു വന്നിരുന്നു. പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ സ്വീകരണമാണ് കോൺഗ്രസും നോട്ടമിട്ടത്. വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമോ എന്ന ചിന്തിഗതിയാണ് കോൺഗ്രസിനുള്ളത്.


കായിക താരങ്ങളുടെ നീതിക്കുവേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ ഇരുവർക്കും അംഗത്വം നൽകിയ ശേഷം പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണ് വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏതു പാർട്ടിയെയാണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.


ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന പ്രധാന ഘടകങ്ങൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ മികച്ച നേട്ടമുണ്ടാക്കിയ കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 8ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താനുമാണ് നിലവിലെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com