ഷെയ്ഖ് ഹസീനയുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കിയേക്കും

പാസ്പോർട്ട് ഓഫീസുകൾക്ക് വാക്കാൽ നിർദേശം മാത്രമാണ് നൽകിയതെന്നും രേഖാമൂലമുള്ള ഓർഡർ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി
ഷെയ്ഖ് ഹസീനയുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കിയേക്കും
Published on


വിദ്യാർത്ഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനൊരുങ്ങി ഇടക്കാല സർക്കാർ. ഇതോടെ അവാമി ലീഗിന്റെ ക്യാബിനറ്റ് മന്ത്രിമാരുടെയും എംപിമാരുടെയും പാസ്‌പോർട്ടുകൾ കൂടി അസാധുവാക്കും. മന്ത്രിസഭ പിരിച്ചുവിട്ടെന്നും നേരത്തെ ഭരണത്തിൽ ഉണ്ടായിരുന്നവരിൽ ആരും ഔദ്യോഗിക പദവി വഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

ബംഗ്ലാദേശിൽ നിന്ന് പലരും പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടില്ല. പാസ്പോർട്ട് ഓഫീസുകൾക്ക് വാക്കാൽ നിർദേശം മാത്രമാണ് നൽകിയതെന്നും രേഖാമൂലമുള്ള ഓർഡർ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ALSO READ: ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു; ബംഗ്ലാദേശ് നടപടി 17 വർഷത്തിന് ശേഷം

ഇതോടെ ഷെയ്ഖ് ഹസീനയുടെ വിദേശയാത്രകൾ പ്രതിസന്ധിയിലാകും. ചില രാജ്യങ്ങളിലേക്ക് വിസാരഹിത യാത്രകൾ ഉൾപ്പെടെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിലൂടെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഇതോടെ നഷ്ടമാകും.

അതേസമയം, രാജ്യം വിടാൻ ശ്രമിച്ച ക്യാബിനറ്റ് മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് രാജിവെച്ച ശേഷം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. തുടർന്ന് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com