മർദനത്തിൽ സാരമായ പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും
തിരുവന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനെതിരെ നടപടി. ബേയിലിൻ ദാസിനെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു. പാറശാല സ്വദേശി ശാമിലിയുടെ മുഖത്താണ് ബേയിലിൻ ദാസ് മർദിച്ചത്. മർദനത്തിൽ സാരമായ പരിക്കേറ്റ യുവതിയെ മെഡിക്ക കോളേജിലേക്ക് മാറ്റും.
ബുധനാഴ്ച വിളിച്ച് നാളെ മുതൽ ഓഫീസിൽ വരണ്ട എന്ന് സീനിയർ അഭിഭാഷകൻ ശാമിലിയോട് പറഞ്ഞിരുന്നു. ഓഫീസിലെ ടൈപ്പിസ്റ്റിനെ ശാമിലി അപമാനിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശാമിലി നിഷേധിക്കുകയും ബേയിലിൻ ദാസിന്‍റെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. രണ്ട് ദിവസം ഇവർ ഓഫീസിലും പോയിരുന്നില്ല.
ALSO READ: 'സാറിന് ദേഷ്യം വന്നാല്‍ തല്ലും'; വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം
എന്നാല്‍, ശനിയാഴ്ച ടൈപ്പിസ്റ്റിന്റെ ഫോണിൽ നിന്ന് വിളിച്ച് ഓഫീസിലേക്ക് തിരികെയെത്താൻ ബേയിലിൻ ആവശ്യപ്പെട്ടു. ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ക്ഷമ പറയാമെന്നും ഇയാൾ പറഞ്ഞതായി ശാമിലി പറയുന്നു. തുടർന്ന് സീനിയർ അഭിഭാഷകന്റെ ക്യാബിനിലെത്തിയ തന്നോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അഡ്വ ബേയിലിൻ ദാസ് പുറത്തേക്കിറങ്ങുകയായിരുന്നു. ക്യാബിന് വെളിയിൽ വെച്ച് എല്ലാവരും നോക്കിനില്‍ക്കെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദനം. "എന്നെ ചോദ്യം ചെയ്യാന്‍ നീ ആരാണെന്ന്," ചോദിച്ചാണ് ക്രൂരമായി മുഖത്ത് അടിച്ചതെന്നു ശാമിലി പറയുന്നു