ബാർബി ഡോളിൻ്റെ 65-ാം ജന്മ ദിനത്തോടനുബന്ധിച്ചാണ് ബാർബി ഫോൺ വീണ്ടും വിപണിയിലെത്തുന്നത്.
നമ്മുടെ എല്ലാവരുടെയും കുട്ടിക്കാല നൊസ്റ്റാൾജിയയാണ് ബാർബി ഫോണുകൾ. ഒരിക്കലെങ്കിലും ഇത് കാണാത്തവരോ ഉപയോഗിക്കാത്തവരോ വിരളമായിരിക്കും. ഇപ്പോഴിതാ ആഗോള വിപണിയിൽ ബാർബി ഫോണുകളെ വീണ്ടും അവതരിപ്പിക്കുകയാണ് എച്ച്എംഡി ഗ്ലോബലും മാറ്റലും. പിങ്ക് നിറത്തിലുള്ള ഈ ഫോണുകൾ വഴി നിങ്ങൾക്ക് വിളിക്കാം സംസാരിക്കാം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളെയൊന്നും ബാർബി ഫോണുകൾ അടുപ്പിക്കില്ല.
ബാർബി ഡോളിൻ്റെ 65-ാം ജന്മ ദിനത്തോടനുബന്ധിച്ചാണ് ബാർബി ഫോൺ വിപണിയിലെത്തുന്നത്. കൂടാതെ കഴിഞ്ഞ വർഷം മാർഗോട്ട് റോബി അഭിനയിച്ച ബാർബി സിനിമ ആഗോള ബോക്സ് ഓഫീസിൽ 1.4 ബില്യൺ നേടിയതിൻ്റെ വിജയാഘോഷവും ഫോൺ വീണ്ടുമെത്തുന്നതിന് പിന്നിലുണ്ട്. നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലും കളിപ്പാട്ട നിർമ്മാതാക്കളായ മാറ്റലും ചേർന്നാണ് ബാർബി ഫോണുകൾ പുറത്തിറക്കുന്നത്.
റെട്രോ ഡിസൈനിലുള്ള പിങ്ക് നിറമുള്ള ഫീച്ചർ ഫ്ലിപ്പ് ഫോൺ ആണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ബാർബി ഫോണുകൾ ഉപയോക്താക്കൾക്ക് വിളിക്കാനും സന്ദേശങ്ങൾ അയക്കുവാനും ഉപയോഗിക്കാം. എന്നാൽ ഫോണുകളിൽ സോഷ്യൽ മീഡിയ ലഭ്യമല്ല. ഓഗസ്റ്റ് 28 മുതൽ അമേരിക്കയിൽ ലഭ്യമായിത്തുടങ്ങിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിൽ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.