33ാം മിനിറ്റിൽ ഷെറാൾഡോ ബെക്കർ നേടിയ ഏക ഗോളിനായിരുന്നു സോസിഡാഡിൻ്റെ അട്ടിമറി ജയം
ലാലിഗയിൽ തലപ്പത്തുള്ള ബാഴ്സലോണയെ ഞെട്ടിച്ച് റയൽ സോസിഡാഡ് കഴിഞ്ഞ മത്സരത്തിൽ ജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. 33ാം മിനിറ്റിൽ ഷെറാൾഡോ ബെക്കർ നേടിയ ഏക ഗോളിനായിരുന്നു സോസിഡാഡിൻ്റെ അട്ടിമറി ജയം.
എന്നാൽ തോൽവിക്ക് പിന്നാലെ ബാഴ്സ ആരാധകരെ നിരാശയിലാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബാഴ്സയുടെ സൂപ്പർ താരങ്ങളായ റോബർട്ട് ലെവൻഡോവ്‌സ്കി, ലാമിൻ യമാൽ എന്നിവരാണ് പരുക്കേറ്റ് പുറത്തായത്. ഈ സീസണിൽ കോച്ച് ഹാൻസി ഫ്ലിക്കിൻ്റെ വജ്രായുധങ്ങളാണ് ഇരുവരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണങ്കാലിന് പരുക്കേറ്റതായി കണ്ടെത്തിയ സ്പാനിഷ് പ്ലേ മേക്കർ ലാമിൻ യമാലിന് മൂന്നാഴ്ച വരെ ടീമിൽ കളിക്കാനാകില്ലെന്ന് ബാഴ്സലോണ മാനേജ്‌മെൻ്റ് അറിയിച്ചു. അരക്കെട്ടിനേറ്റ പരുക്ക് കാരണം റോബർട്ടോ ലെവൻഡോവ്സ്കിക്ക് 10 ദിവസത്തേക്ക് കളിക്കാനാകില്ല.
ബാഴ്‌സലോണ-റയൽ സോസിഡാഡ് ലാലിഗ മത്സരത്തിൽ റഫറിയിങിൽ പിഴവ് സംഭവിച്ചതായും ആരോപണമുയർന്നു. ബാഴ്സയുടെ ഗോൾ മെഷീൻ ലെവൻഡോവ്സ്കിയുടെ ഗോൾ വാർ നിഷേധിച്ചതാണ് വിവാദമായത്. 15ാം മിനിറ്റിൽ ലെവൻഡോവ്സ്കി നേടിയ ഗോളാണ് വാറിൽ കുരുങ്ങി ഓഫ് സൈഡായത്. ഫ്രാങ്ക് ഡിയോങ് ബോക്സിലേക്ക് നൽകിയ പന്ത് സ്വീകരിക്കുമ്പോൾ ലെവൻഡോവ്സ്കിയുടെ ബൂട്ടിൻ്റെ മുൻഭാഗം നേരിയ വ്യത്യാസത്തിൽ ഓഫ് സൈഡ് പൊസിഷനിൽ ആണെന്നാണ് വീഡിയോ അസിസ്റ്റൻ്റ് റഫറി വിധിച്ചത്.
ALSO READ: ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
എന്നാൽ, റയൽ സോസിഡാഡ് പ്രതിരോധ താരം നയെഫ് അഗ്വാർഡിൻ്റെ പിറകിലാണ് ലെവൻഡോവ്‌സ്കിയെന്ന് വീഡിയോ റീപ്ലേയിൽ വ്യക്തമായിരുന്നു. പുതുതായി ആരംഭിച്ച സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റം പ്രതിരോധ നിര താരത്തിൻ്റെ കാല് ബാഴ്സ സ്ട്രൈക്കറുടേതാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്ന വാദമാണ് ബാഴ്സലോണ ആരാധകർ ഉയർത്തുന്നത്. വാർ പരിശോധിക്കുമ്പോൾ ഇരു താരങ്ങളുടെയും ബൂട്ട് ഒരേ പൊസിഷനിലാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. തോറ്റെങ്കിലും ലീഗിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.