ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ദുബായ്, പാകിസ്ഥാൻ എന്നിവിടങ്ങളിലായി ടൂർണമെന്റ് നടത്തണമെന്നാണ് ഐസിസി പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഐസിസി മുഖേന ഇക്കാര്യം ബിസിസിഐ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ടൂർണമെന്റിൻ്റെ ആതിഥേയ രാജ്യമെന്ന പദവി ഉപേക്ഷിക്കാൻ പിസിബി തയ്യാറെടുക്കുന്നതായി പാക് ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
ആതിഥേയ രാജ്യമെന്ന തങ്ങളുടെ അവകാശം നിഷേധിച്ചാൽ സംഘാടനത്തിൽ നിന്ന് പിന്മാറുമെന്ന് ബോർഡ് പ്രതിനിധികളെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഐസിസിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും പ്രധാന ടൂർണമെൻ്റുകളിൽ കളിക്കുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കണമെന്ന് പാകിസ്ഥാൻ സർക്കാരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന ബിസിസിഐ തീരുമാനത്തെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയോട് വിശദീകരണം തേടിയേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ദുബായ്, പാകിസ്ഥാൻ എന്നിവിടങ്ങളിലായി ടൂർണമെന്റ് നടത്തണമെന്നാണ് ഐസിസി പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ബോർഡർ-ഗവാസ്കർ ട്രോഫി: പെർത്തിൽ ആദ്യമെത്തിയത് കോഹ്‌ലിയും ഗംഭീറും
ബിസിസിഐ തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ഐസിസി പിസിബിയെ അറിയിച്ചിരുന്നു. മാത്രമല്ല, ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റ് ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നും ഐസിസി കത്തിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഐസിസിയോട് കൂടുതൽ വ്യക്തത തേടുമെന്നും ഹൈബ്രിഡ് രീതിയിൽ മത്സരം നടത്താൻ തൽക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നടന്നപ്പോൾ ഹൈബ്രിഡ് മോഡൽ ആണ് പിന്തുടർന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.