
വിമതഗ്രൂപ്പായ തെഹ്രീർ അൽ ഷാം ദമാസ്ക്കസ് പിടിച്ചതോടെ സിറിയ വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ ആദ്യ പ്രതികരണം പുറത്ത്. സിറിയ വിടാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാജിവെക്കാനോ അഭയാർഥിയാകാനോ താൽപര്യമില്ലായിരുന്നുവെന്നും പ്രസ്താവനയിൽ അസദ് വ്യക്തമാക്കി. സിറിയൻ പ്രസിഡൻസിയുടെ കീഴിലുള്ള ടെലിഗ്രാം ചാനലിലൂടെയായിരുന്നു പ്രതികരണം.
സിറിയയിൽ പുതിയ ഭരണനീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ ആദ്യ പ്രതികരണം പുറത്തുവരുന്നത്. താൻ സിറിയ വിട്ട് പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സിറിയൻ പ്രസിഡൻസിയുടെ കീഴിലുള്ള ടെലഗ്രാം ചാനലിലൂടെയുള്ള ആദ്യ പ്രതികരണം. എന്നാൽ നിലവിൽ ഈ ചാനൽ നിയന്ത്രിക്കുന്നതാരാണെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ദമാസ്ക്കസ് വിമതർ പിടിച്ചെടുത്തതോടെയാണ് ലതാക്യ പ്രവിശ്യയിലെ റഷ്യൻ മിലിട്ടറി ബേസിലേക്ക് കോപാക്റ്റ് ഓപ്പറേഷൻ പരിശോധിക്കാൻ എത്തിയതെന്ന് ബഷാർ പ്രസ്താവനയിൽ പറയുന്നു. ആ സമയം സൈനിക ബേസിലേക്ക് വലിയ തോതിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നു. ഇതോടെ തന്നെ മോസ്കോയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ റഷ്യ തീരുമാനിക്കുകയായിരുന്നു. രാജിവെക്കാനോ, രാഷ്ട്രീയ അഭയം തേടാനോ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ബഷാർ അസദ് വ്യക്തമാക്കുന്നു. കൂടാതെ ഈ ആവശ്യം ആരും മുന്നോട്ട് വെച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഭരണകൂടം തീവ്രവാദികളുടെ കയ്യിൽ അകപ്പെടുമ്പോൾ ഏത് സ്ഥാപനത്തിൻ്റെയും പ്രസക്തി ഇല്ലാതാകുമെന്നും അസദ് ചൂണ്ടിക്കാട്ടി.
സിറിയയിൽ തെഹ്രീർ അൽ ഷാം നടത്തിയ മുന്നേറ്റങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കണ്ടതോടെയാണ് പ്രസിഡൻ്റ് ബഷാർ അൽ അസദ് സിറിയ വിട്ട് മോസ്കോയിലേക്ക് കടന്നത്. അതേസമയം ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ച, ഉമയാദ് പള്ളിയിലെ പ്രാർഥനങ്ങള്‍ക്ക് നേതൃത്വംവഹിച്ച മുഹമ്മദ് അൽ ബഷീർ, ഒരു പുതിയ രാജ്യത്തിന്‍റെ ഉദയം പ്രഖ്യാപിച്ചു. പുതിയ സിറിയ സ്വാതന്ത്രത്തിന്‍റെയും ദയയുടേതായിരിക്കുമെന്നും അൽ ബഷീർ പറഞ്ഞു.
എന്നാല്‍ വിമതനേതൃത്വമായ എച്ച്ടിഎസിന്‍റെ ഈ ഉറപ്പുകളില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും നേരിടുന്ന വധഭീഷണികളെ നിസ്സാരമായി കാണാന്‍ അവർക്കാകില്ല. സുന്നി ഇസ്ലാമിസ്റ്റ് ഭരണം സ്ഥാപിക്കപ്പെടുന്ന പക്ഷം, ഷിയാകള്‍ക്കും മറ്റു ന്യൂപക്ഷങ്ങള്‍ക്കും അവകാശങ്ങളില്ലാതാകും എന്ന തിരിച്ചറിവാണ് അതിനുകാരണം. അതിർത്തികടന്ന് ലബനനിലേക്കാണ് ന്യൂനപക്ഷങ്ങളുടെ പാലായനം. പതിനായിരങ്ങളുടെ ആ ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും ഷിയാകളാണ്. ലെബനന്‍ അതിർത്തി സുരക്ഷാവിഭാഗത്തിന്‍റെ കണക്കനുസരിച്ച് ഒരുലക്ഷത്തിലധികം ന്യൂനപക്ഷവിഭാഗക്കാർ സിറിയയില്‍ നിന്ന് ഇതുവരെ ലെബനനിലെത്തിയിട്ടുണ്ട്. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് അസദ് സെെന്യത്തിന്‍റെ മുന്‍നിരയില്‍ നിന്നവരാണ് ഷിയാ വിഭാഗക്കാർ. ന്യൂനപക്ഷമായ അല്ലാവെെറ്റ് വിഭാഗക്കാരനായ ബഷാർ അല്‍ അസദിന്‍റെ നേതൃത്വത്തില്‍ ഷിയാ ഗ്രൂപ്പുകളൊന്നിച്ചാണ് ആഭ്യന്തരയുദ്ധത്തെ അടിച്ചമർത്തിയതും. യുദ്ധാനന്തരം സിറിയയില്‍ ഷിയാ-സുന്നി വിഭാഗീയത രൂപപ്പെടുന്നതിന് ഇത് വലിയൊരു ഘടകമായി.