വിജയിയെ പ്രവചിച്ച് വൈറൽ ഹിപ്പോ, സ്ഥാനാർഥികൾക്കായി ഇന്ത്യയിൽ പ്രത്യേക പൂജകൾ; US തെരഞ്ഞെടുപ്പിൻ്റെ പിന്നാമ്പുറക്കാഴ്ചകൾ

തായ്ലൻഡ് മൃഗശാലയിലെ വൈറൽ താരമായ മൂ ഡെംഗ്, റിപ്പബ്ലിക്ക് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്
വിജയിയെ പ്രവചിച്ച് വൈറൽ ഹിപ്പോ, സ്ഥാനാർഥികൾക്കായി ഇന്ത്യയിൽ പ്രത്യേക പൂജകൾ; US തെരഞ്ഞെടുപ്പിൻ്റെ പിന്നാമ്പുറക്കാഴ്ചകൾ
Published on

യുഎസിൽ നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ അലയൊലികൾ ലോകമെമ്പാടും കാണാം. തെരഞ്ഞെടുപ്പ് പ്രവചനങ്ങളും, സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളുമൊക്കെ ആയി ഈ തെരഞ്ഞെടുപ്പും അവസാനഘട്ടത്തിലും ആവേശഭരിതമായി മാറുകയാണ്. ഈ യുഎസ് തെരഞ്ഞെടുപ്പ് കാലത്തെ രസകരമായ ഏതാനും സംഭവങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം...

വിജയിയെ പ്രവചിച്ച് മൂ ഡെംഗ് ഹിപ്പോ

തെരഞ്ഞെടുപ്പ് കാലത്ത് പ്രവചനങ്ങൾ നടത്തുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ, ഇത്തവണ യുഎസ് തെരഞ്ഞെടുപ്പിൽ, പ്രവചനവുമായി എത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളിലെ താരമായ കുട്ടി ഹിപ്പോ മൂ ഡെംഗാണ്. തായ്ലൻഡ് മൃഗശാലയിലെ വൈറൽ താരമായ മൂ ഡെംഗ്, റിപ്പബ്ലിക്ക് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മൃഗശാലയിൽ രണ്ട് ഫ്രൂട്ട് കേക്കുകളും, തണ്ണിമത്തനും നൽകി തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നതിൻ്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൊണാൾഡ് ട്രംപിൻ്റെയും കമല ഹാരിസിൻ്റെയും പേരുകൾ എഴുതിയ തണ്ണിമത്തനാണ് മൂ ഡെങ്ങിന് തെരഞ്ഞെടുക്കാനായി നൽകിയത്. അതിൽ, മൂ ഡെംഗ് ട്രംപിൻ്റെ പേരെഴുതിയ തണ്ണിമത്തനാണ് കഴിക്കാനായി തെരഞ്ഞെടുത്തത്.

വളരെ അപൂർവ്വമായാണ് കുള്ളൻ ഹിപ്പൊപ്പൊട്ടാമസുകളുടെ ജനനം. തായ്‌ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിലാണ് ഈ ഇത്തിരിക്കുഞ്ഞൻ ജനിച്ചിരിക്കുന്നത്. പിഗ്മി ഇനത്തിലെ, മൂ ഡെംഗ് ഹിപ്പൊപ്പൊട്ടാമസ് ജനിച്ച ജൂലൈ മാസം മുതൽ മൃഗശാലയിലേക്ക് സന്ദർശകരുടെ തിരക്കാണ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇരുസ്ഥാനാർഥികളും ഇഞ്ചോടിഞ്ച് പ്രവചനം കാഴ്ചവെക്കുമെന്ന പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെയാണ്, മൂ ഡെംഗ് ഹിപ്പോ, ട്രംപ് ആയിരിക്കും സ്ഥാനാർഥിയെന്ന പ്രവചനവുമായി എത്തിയിരിക്കുന്നത്.

ചാറ്റ് ജിപിടിയുടെ പ്രവചനം

മറ്റൊരു രസകരമായ പ്രവചനം എഐ ടൂളായ ചാറ്റ് ജിപിടിയുടേതാണ്. ജയം ട്രംപിനോ കമലയ്‌ക്കോ എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോൾ, രണ്ട് ഭാഗവും പിടിക്കാതെ, ഒരു സന്തുലിതമായ മറുപടിയാണ് ചാറ്റ് ജിപിടി നൽകിയത്. ഒരു കറുത്ത കുതിര അധികാരം ഏറ്റെടുക്കാൻ നിഴലിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നാണ് ചാറ്റ് ജിപിടി നൽകിയ രസകരമായ ഉത്തരം.

സ്ഥാനാർഥികളുടെ വിജയത്തിന് പൂജയും വഴിപാടും

ഇരുസ്ഥാനാർഥികൾക്കും വേണ്ടി പ്രാർഥന നടത്തുന്ന അനുയായികളെയും ലോകമെമ്പാടും കാണാൻ സാധിക്കും. കമല ഹാരിസിൻ്റെ പൂർവികരുടെ ഗ്രാമമായ തമിഴ്നാട്ടിലെ തിരുവരൂർ ജില്ലയിൽ, യുഎസ് തെരഞ്ഞെടുപ്പിലെ കമലയുടെ വിജയത്തിന് വേണ്ടി പ്രത്യേക പൂജയും വഴിപാടുകളും നടത്തുകയാണ് അവിടുത്തുകാർ. ശ്രീ ധർമശാസ്താ, ശ്രീ സേവക പെരുമാൾ ക്ഷേത്രത്തിലാണ് കമലയുടെ വിജയത്തിന് പ്രത്യേക പൂജ നടക്കുന്നത്.

പ്രത്യേക പൂജയ്ക്കായി യുഎസിൽ നിന്നുള്ള കമലയുടെ അനുയായികളും ക്ഷേത്രത്തിലെത്തി. കമല ഫ്രീക്കിങ് ഹാരിസ് എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് അനുയായികൾ ക്ഷേത്രത്തിലെത്തിയത്. 

കമല ഹാരിസിൻ്റെ വിജയത്തിനായി തമിഴ്നാട്ടിൽ കോലങ്ങളും ഒരുക്കി. തിരുവരൂർ ജില്ലയിലെ തുളസീന്ദ്രപുരത്തിലാണ് കോലമൊരുക്കിയത്. വണക്കം അമേരിക്ക- കമല ഹാരിസ്- വെട്രിപേര വാഴ്ത്തുകൾ എന്ന് എഴുതിയാണ് തമിഴ് ആചാര പ്രകാരം കോലമൊരുക്കിയത്. 

എന്നാൽ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രാർഥനയും പൂജയും നടത്തുന്നവരും ഇന്ത്യയിലുണ്ട്. ഡൽഹിയിലെ ഒരു കൂട്ടം ഹിന്ദു പുരോഹിതന്മാരാണ് ട്രംപിൻ്റെ വിജയത്തിനായി പ്രാർഥന നടത്തിയത്. ലോകസമാധാനം പുന:സ്ഥാപിക്കാൻ സാധിക്കുന്ന ഏക നേതാവ് ട്രംപാണെന്നാണ് ഈ പുരോഹിതന്മാരുടെ വാദം. 

അതേസമയം, ട്രംപും ഹാരിസും തിങ്കളാഴ്ച അവസാനഘട്ട പ്രചാരണം നടത്തി. തിങ്കളാഴ്ച വരെ, 78 ദശലക്ഷത്തിലധികം അമേരിക്കക്കാർ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്ലോറിഡ സർവകലാശാലയുടെ ഇലക്ഷൻ ലാബ് പറയുന്നു. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് പോളിങ് ആരംഭിക്കുന്ന സ്റ്റേറ്റുകൾ ഉണ്ട്. നാളെ പുലർച്ചെ ആറരയ്ക്ക് മാത്രം പോളിങ് അവസാനിക്കുന്ന സ്റ്റേറ്റുകളും ഉണ്ട്. പോളിങ് പൂർത്തിയാകുന്നതിനു പിന്നാലെ വോട്ടെണ്ണലും അതത് സ്റ്റേറ്റുകളിൽ ആരംഭിക്കും. ഫലമറിയാൻ മൂന്നു മുതൽ 15 ദിവസം വരെ നീണ്ടുപോകാനും മതി. ലോകം ഇനി കാത്തിരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും നാടകീയമായ ജനാധിപത്യ നിമിഷങ്ങൾക്കു കൂടിയാണ്...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com