
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിച്ച് എൽ.ഡി.എഫ് മുൻ എം.എൽ.എ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് നൽകിയാണ് റസാഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിൻ്റേയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ലെന്നും കാരാട്ട് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റ ശ്രമത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് നടപടി. അനിലിനോട് നാളെ മൊഴിയെടുക്കാൻ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ എസിപിക്കാണ് കേസിൽ അന്വേഷണ ചുമതല.
സുരേഷ് ഗോപിയുടെ അഹങ്കാരവും, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അദ്ദേഹത്തിനുള്ള മാനസിക സംഘർഷങ്ങളുമാണ് മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തതിന് പിന്നിലെന്ന് അനിൽ അക്കരെ. ബിജെപി എംപി എന്തിനാണ് സിപിഎം എംഎൽഎയെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അനിൽ അക്കര ചോദിച്ചു. തൻ്റെ പേര് റിപ്പോർട്ടിലുണ്ടോ? അതോ മുകേഷിനെ സഹായിക്കണോ എന്നുള്ള ചോദ്യങ്ങൾ ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ കൈയ്യേറ്റം ചെയ്തതെന്നും അനിൽ അക്കര ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും അനിൽ അക്കര അറിയിച്ചു. പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനിൽ അക്കര പറഞ്ഞു.