
കോഴിക്കോട് തലയാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. തലയാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വയലട സ്വദേശി ഡിബിന്‍ രാജിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇയാളുടെ തലക്കും താടി എല്ലിനും കൈക്കും കാല്‍മുട്ടിനും സാരമായി പരുക്കേറ്റിട്ടുണ്ട്. പന്നിയുടെ ആക്രമത്തിനിടെ ബൈക്ക് മറിഞ്ഞ് സുഹൃത്തിനും നിസ്സാര പരുക്കേറ്റിട്ടുണ്ട്.
പന്നിയുടെ ആക്രമണത്തിന് പിന്നാലെ പരുക്കേറ്റ് റോഡിൽ കിടന്ന ഇരുവരെയും കാർ യാത്രികർ തലയാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കക്കയം സെക്ഷന്‍ ഫോറസ്റ്റ് പരിധിയില്‍പ്പെട്ട ഇവിടെ നേരത്തെയും കാട്ടുമൃഗങ്ങളുടെ അക്രമം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
അതേസമയം വയനാട്ടിൽ വീണ്ടും ജനവാസമേഖലയിൽ കടുവയിറങ്ങി മൂന്ന് ആടുകളെ കൊലപ്പെടുത്തി. വയനാട് മേപ്പാടി ഓടത്തോട് അമ്പലം റോഡ് പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.