'ഇന്ത്യ പരീക്ഷണശാല' എന്ന് ബില്‍ ഗേറ്റ്സ്; വാക്സിന്‍ പരീക്ഷണങ്ങള്‍ ഓർമപ്പെടുത്തി സമൂഹമാധ്യമങ്ങള്‍

ബില്ലിന്‍റെ പ്രസ്താവനക്കെതിരെ എക്സിലടക്കം നിരവധിയാളുകൾ വിമർശനം ഉയർത്തി
'ഇന്ത്യ പരീക്ഷണശാല' എന്ന് ബില്‍ ഗേറ്റ്സ്;  വാക്സിന്‍ പരീക്ഷണങ്ങള്‍ ഓർമപ്പെടുത്തി സമൂഹമാധ്യമങ്ങള്‍
Published on

ഇന്ത്യ ഒരു പരീക്ഷണ ശാലയാണ് എന്ന ബിൽ ഗേറ്റ്സിൻ്റെ പരാമർശം വിവാദത്തിൽ. ലിങ്ക്ഡിൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാൻ്റെ പോഡ്കാസ്റ്റിൽ ബിൽ ഗേറ്റ്സ് നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാവുന്ന ഒരു പരീക്ഷണശാലയാണ് ഇന്ത്യയെന്നും ഇന്ത്യയിൽ വിജയിച്ചാൽ അത് ലോകത്ത് എവിടെയും നടപ്പാക്കാനാവുമെന്നുമാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ കൂടിയായ ബിൽ ഗേറ്റ്സ് പറഞ്ഞത്. ബില്ലിന്‍റെ പ്രസ്താവനക്കെതിരെ എക്സിലടക്കം നിരവധിയാളുകൾ വിമർശനം ഉയർത്തി.

"നിരവധി കാര്യങ്ങൾ ബുദ്ധിമുട്ടേറിയ ഒരു രാജ്യം എന്നതിന് ഇന്ത്യ ഒരു ഉദാഹരണമാണ്. ആരോഗ്യം, പോഷകാഹാരം തുടങ്ങി നിരവധി കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ട്. വിദ്യാഭ്യാസത്തിൽ അവർക്ക് പുരോഗതിയുണ്ട്. ഇന്ന് അവർക്ക് സ്ഥിരതയുണ്ട്. സർക്കാർ വരുമാനം വർധിച്ച് ഇന്നേക്ക് 20 വർഷങ്ങൾ പിന്നിടുമ്പോൾ അവരുടെ നില നാടകീയമാം വിധം മെച്ചപ്പെടാൻ സാധ്യതയുണ്ട്. കാര്യങ്ങൾ പരീക്ഷിച്ചു വിജയിക്കാൻ പറ്റിയ ഒരു ലബോറട്ടറിയാണ് ഇന്ത്യ. ഇന്ത്യയിൽ വിജയിച്ചാൽ ലോകത്തെവിടെയും അത് നടപ്പാക്കാനാവും ...", ഇതായിരുന്നു ലിങ്ക്ഡിൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാൻ്റെ പോഡ് കാസ്റ്റിൽ ബിൽ ഗേറ്റ്സ് നടത്തിയ പരാമർശം.

Also Read: രാഷ്ട്രീയ നാടകങ്ങൾ അവസാനിച്ചു; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യോൽ

എന്നാൽ ബിൽ ഗേറ്റ്സിൻ്റെ അഭിപ്രായത്തിനെതിരെ വിമർശനവുമായി സ്കോട്ട്ലൻഡിലെ ഒരു ഡോക്ടറടക്കം നിരവധി പേർ എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചു. ദ സ്കിൻ ഡോക്ടർ എന്ന എക്സ് ഹാൻഡിലിലെ വിമർശനം ഇങ്ങനെയായിരുന്നു-  2009 ൽ ബിൽ ഗേറ്റ്സിൻ്റെ ഗേറ്റ്സ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന പാത്ത് (PATH) എന്ന സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സഹകരിച്ച് സെർവിക്കൽ ക്യാൻസർ വാക്‌സിൻ പരീക്ഷണം നടത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലും ഗുജറാത്തിലെ വഡോദരയിലുമായി 14,000 ആദിവാസി സ്‌കൂൾ വിദ്യാർഥിനികളിലായിരുന്നു പരീക്ഷണം. പരീക്ഷണമാരംഭിച്ച് മാസങ്ങൾക്കു ശേഷം കുട്ടികളിൽ പാർശ്വഫലങ്ങൾ കണ്ടു തുടങ്ങുകയും ഏഴു പേർ മരിക്കുകയും ചെയ്തു. മരുന്ന് കാരണമല്ല മരണങ്ങളെന്നും അണുബാധയും ആത്മഹത്യയും മൂലമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കുട്ടികളുടെ മാതാപിതാക്കൾക്കു പകരം ഹോസ്റ്റൽ വാർഡനാണ് സമ്മത പത്രത്തിൽ ഒപ്പിട്ടതെന്ന് തെളിഞ്ഞു.

ഈ വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയെയും മറ്റ് വികസ്വര രാജ്യങ്ങളെയും വിദേശ ധനസഹായമുള്ള സംഘടനകൾ എങ്ങനെ പരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗിച്ചു എന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണെന്നും ദ സ്കിൻ ഡോക്ടർ എക്സിൽ കുറിച്ചു. സമാനമായ പരീക്ഷണങ്ങൾ ഇന്ത്യയിലും ആഫ്രിക്കയിലും ഗേറ്റ്സ് ഫണ്ട് നടത്തുന്നുണ്ടെന്ന് ആർക്കറിയാമെന്നും മനുഷ്യരെ ഗിനി പന്നികളെ പോലെയാണ് ഇവർ കാണുന്നതെന്നും ദ സ്കിൻ ഡോക്ടർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com