
നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ അന്തർധാരയുണ്ടെന്നായിരുന്നു വി. മുരളീധരൻ്റെ പ്രസ്താവന. നിയമസഭയിൽ പിണറായി അവതരിപ്പിക്കുന്ന കള്ളക്കണക്കുകൾക്ക് സതീശൻ കുഴലൂത്ത് നടത്തുന്നെന്നും കണക്കുകളുടെ വസ്തുത ചോദിക്കാൻ പോലും പ്രതിപക്ഷനേതാവിന് തൻ്റേടം ഉണ്ടായില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിവസം വയനാടും വിലങ്ങാടുമാണ് ചർച്ചാവിഷയമായത്. ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിച്ചില്ലെന്ന കാര്യമാണ് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ മുന്നോട്ട് വെച്ചത്. ഇതോടെ ബിജെപി നേതാവ് വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ദുരന്തത്തിൽ മാനദണ്ഡം അനുസരിച്ചുള്ള കണക്കുകൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് പോലും പ്രതിപക്ഷം സർക്കാറിനോട് ചോദിച്ചില്ലെന്ന് വി.മുരളീധരൻ വിമർശിച്ചു. 1471 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. യുപിഎ സർക്കാറിൻ്റെ കാലത്താണ് മാനദണ്ഡങ്ങൾ തീരുമാനിച്ചത്. വി.ഡി. സതീശൻ അന്ന് ഉറക്കമായിരുന്നോ എന്നും മുൻ കേന്ദ്ര മന്ത്രി പരിഹസിച്ചു.
മാനദണ്ഡം അനുസരിച്ചുള്ള കണക്ക് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഇന്ന് നിയമസഭയിൽ നടന്നത് പൊറാട്ട് നാടകമാണ്. സർക്കാറിൻ്റെ വീഴ്ചകൾ തുറന്നുകാട്ടുന്നതിന് പകരം പ്രതിപക്ഷം സിപിഎമ്മിന് കുഴലൂത്ത് നടത്തുകയാണെന്നും വി. മുരളീധരൻ വിമർശിച്ചു.
പിആർ വിവാദത്തിൻ്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ കടുത്ത വിമർശനമുയർത്തി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ സഹായം തേടുന്നു എന്ന വാർത്ത വന്ന് രണ്ട് ദിവസമായിട്ടും മറുപടി പറയുന്നില്ല. പകരം മരുമകനെ ഇറക്കിയുള്ള ഡയലോഗ് അടിയാണ്. ഇതിനു വിശദീകരണം തയാറാക്കാൻ വേറെ ഏജൻസിയെ തയാറാക്കിയോ എന്നറിയില്ലെന്നും മുരളീധരൻ പരിഹസിച്ചു.
കേരളത്തിൽ സിപിഎമ്മിന് ഹിന്ദു സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുകയാണ്. ഭൂരിപക്ഷ സമുദായത്തെ മാർക്സിസ്റ്റ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പിആർ നടപടി. പിആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാരവേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചിലവഴിച്ചെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. 1,600 രൂപ ക്ഷേമപെൻഷന് മുട്ടാപ്പോക്ക് പറയുന്ന മുഖ്യമന്ത്രി, സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ കോടികൾ ചെലവാക്കുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു.
വിവാദങ്ങളിൽ നിന്ന് മുഖ്യമന്ത്രി ചിരിച്ച് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യമില്ല. സിപിഎം ക്യാപ്സ്യൂളുകൾ മാധ്യമങ്ങൾ വെള്ളം തൊടാതെ വിഴുങ്ങരുത്. സർക്കാർ പിആർ ഏജൻസിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തു എന്നും ഹിന്ദു പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.