ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; പാർട്ടി സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് ജെ.പി. നദ്ദ

രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെയടക്കം അട്ടിമറിക്കുന്ന പ്രകടനമാണ് ഹരിയാനയിൽ ബിജെപി പുറത്തെടുത്തത്
ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; പാർട്ടി സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് ജെ.പി. നദ്ദ
Published on

ഹരിയാനയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പാർട്ടി സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചു. നയാബ് സിങ് സൈനി തന്നെ ഹരിയാനയില്‍ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷൻ വിളിച്ചു ചേർത്ത യോഗത്തിനു ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനമാകുകയുള്ളു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ്ങ് സൈനി തന്നെ തലപ്പത്ത് തുടരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും, നേതാവിൻ്റെ സമുദായവും ഹ്രസ്വകാല പ്രവർത്തന പരിചയവും കണക്കിലെടുത്ത് മാറ്റമുണ്ടാവുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള ഹരിയാനയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള സൈനിക്ക് മുഖ്യമന്ത്രി പദം നൽകണോ എന്നായിരുന്നു പാർട്ടിയിലെ ചർച്ച. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ ചർച്ചകളെ ഒരു വിധത്തില്‍ അപ്രസക്തമാക്കിയിട്ടുണ്ട്.

രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെയടക്കം അട്ടിമറിക്കുന്ന പ്രകടനമാണ് ഹരിയാനയിൽ ബിജെപി പുറത്തെടുത്തത്. അർധ സെഞ്ച്വറിയടിച്ച് ഭരണപാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ രണ്ട് പതിറ്റാണ്ടിന് ശേഷം ഹരിയാന തിരിച്ച് പിടിക്കാനുള്ള കോൺഗ്രസ് പ്രതീക്ഷക്ക് തിരിച്ചടിയേറ്റു. 90 സീറ്റുകളില്‍ ബിജെപി 48ഉം കോണ്‍ഗ്രസ് സഖ്യം 37 സീറ്റുമാണ് നേടിയത്. ജാട്ടിതര വോട്ടുകള്‍ കൂടി ബിജെപിയിലേക്ക് കേന്ദ്രീകരിച്ചതാണ് ഭരണപക്ഷ പാർട്ടിയുടെ വിജയത്തിനു കാരണമായി വിലയിരുത്തുന്നത്.

Also Read: രാഷ്ട്രീയ ഗോദയിൽ അടിതെറ്റിയില്ല; സത്യം ജയിച്ചു, 'ഇന്ത്യ'യുടെ ശക്തിക്കായി ജുലാന കൈകോർത്തു

കർഷകപ്രക്ഷോഭം, ഗുസ്തിക്കാരുടെ പ്രതിഷേധം, തൊഴിലില്ലായ്മ, താങ്ങുവില തുടങ്ങിയ വിഷയങ്ങളെല്ലാം തിരിച്ചടിയാവുമെന്ന് ബിജെപി പോലും കരുതിയിരുന്നു. അതിനാൽ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ആശ്വാസം നൽകുന്ന വിജയമാണ് നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുണ്ടായത്. കോൺഗ്രസുമായി ഇടഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച ആംആദ്മിക്ക് ഹരിയാനയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനം കുറവ്.

അഭിമാന പോരാട്ടമായിരുന്ന ജുലാനയിൽ വിനേഷ് ഫോഗട്ടിൻ്റെ വിജയം കോൺഗ്രസിന് ആശ്വാസമായി. എന്നാൽ ഭൂപീന്ദർ സിങ് ഹൂഡയെ കേന്ദ്രീകരിച്ചുള്ള പ്രചരണം, കുമാരി സെൽജ, അശോക് തൻവർ, രൺദീപ് സുർജെവാലയടക്കം പല നേതാക്കളുമായും ഹൂഡയ്ക്കുള്ള പടലപിണക്കങ്ങൾ എന്നിവ വിനയായി. കൈത്തൽ മണ്ഡലത്തിൽ  ആദിത്യ സുർജെവാല 8000 വോട്ടിന് ജയിച്ചുകയറിയെങ്കിലും അംബാലഗഡ് അടക്കം സ്വതന്ത്ര സ്ഥാനാർഥികളുടെ വിജയം കോൺഗ്രസ് വോട്ടിനെ ബാധിച്ചു. ഹിസാറിലും ഗനൌറിലും വൻ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചത്. ഹിസാറിൽ ബിജെപി വിമതയായാണ് സാവിത്രി ജിൻഡാൽ മത്സരിച്ചത്. ഇവിടെ ബിജെപി വോട്ട് വിഘടിച്ചിട്ടുപ്പോലും ലോകത്തിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളായ സാവിത്രി ജിൻഡാൽ ജയിച്ചു. പ്രദേശിക പാർട്ടികളുടെ മത്സരവും സ്വതന്ത്രരുടെ സ്ഥാനാർത്ഥിത്വവും പലയിടത്തും കോൺഗ്രസിന്‍റെ തോല്‍വിക്ക് കാരണമായി.

Also Read: ഹരിയാനയിൽ ഹാട്രിക് 'അടിച്ചുകേറി വന്ന്' ബിജെപി; നിർണായകമായത് 'സൈനി ഫാക്ടർ'

അതേസമയം, കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഗ്രസ് സഖ്യം വിജയം കണ്ട ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് നാഷണൽ കോൺഫ്രൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com