
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബിജെപി വൈസ് പ്രസിഡൻ്റും കരാവൽ നഗർ മണ്ഡലത്തിൽ നിന്നും ജയിച്ച മുൻ ആം ആദ്മി പാർട്ടി മന്ത്രിയുമായ കപിൽ മിശ്രയും, മുൻ ഡൽഹി മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാനയും രണ്ടാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ആകെ 70 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിലെ 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി രണ്ടാം ഘട്ടത്തിൽ പുറത്തുവിട്ടത്.
ബിജെപി നേതാവ് കർണൈൽ സിങ് ഷാക്കുർ ബസ്തിയിൽ എഎപി മുൻ മന്ത്രി സത്യേന്ദ്ര ജയിനിനോട് മത്സരിക്കും. മോത്തി നഗറിൽ നിന്നാണ് ഹരീഷ് ഖുറാന മത്സരിക്കുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഉമംഗ് ബജാജ് (രജിന്ദര്‍ നഗര്‍), സതീഷ് ജെയിന്‍ (ചാന്ദ്‌നി ചൗക്ക്), രാജ് കരണ്‍ ഖത്രി (നരേല), ശ്യാം ശര്‍മ (ഹരിനഗര്‍), പങ്കജ് കുമാര്‍ സിങ് (വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിലെ മറ്റു സ്ഥാനാർഥികൾ.
ആദ്യ ഘട്ടത്തിലും 29 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ, എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെതിരെ മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയെയാണ് ബിജെപി കളത്തിലിറക്കുന്നത്. എഎപിയിൽ നിന്നും കൂറുമാറി ബിജെപിയിലെത്തിയ മുൻമന്ത്രിമാർക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. ബിജെപിയിലെത്തിയ മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് സിങ് ലവ്‌ലിക്ക് ഗാന്ധി നഗർ സീറ്റാണ് പാർട്ടി നൽകിയത്. മുൻ എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോട്ടിന് ബിജ്വാസൻ സീറ്റാണ് ബിജെപി നൽകിയത്.