ഈസ്റ്റർ സ്നേഹയാത്രയില്‍ ബിജെപിയില്‍ ഭിന്നത; ഭവന സന്ദർശനം ഒഴിവാക്കിയിട്ടില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍

മുൻവർഷങ്ങളിൽ ഈസ്റ്ററിന് പത്തുദിവസം മുൻപേതന്നെ സ്നേഹയാത്ര എന്ന പേരിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചിരുന്നു
ഈസ്റ്റർ സ്നേഹയാത്രയില്‍ ബിജെപിയില്‍ ഭിന്നത; ഭവന സന്ദർശനം ഒഴിവാക്കിയിട്ടില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍
Published on

ഈസ്റ്റർ സ്നേഹയാത്രയെ ചൊല്ലി ബിജെപിയിൽ ഭിന്നത. സ്നേഹയാത്ര ഒരു പ്രത്യേക പരിപാടിയായി വേണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. ഈ അഭിപ്രായത്തിന് വിരുദ്ധമായാണ് സംസ്ഥാന നേതൃത്വത്തിലുള്ള മറ്റ് നേതാക്കളിൽ നിന്ന് പ്രതികരണമുണ്ടായത്. സ്നേഹയാത്ര കൃത്യമായി നടക്കുന്നുണ്ടെന്നായിരുന്നു ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. യാത്ര വേണ്ടെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥും അറിയിച്ചു.


Also Read: എം.ആർ. അജിത് കുമാറിനായി വീണ്ടും ശുപാർശ; വിശിഷ്ട സേവനത്തിന് ശുപാർശ ചെയ്തത് ഡിജിപി



ഭവനസന്ദർശനത്തിന് ശേഷമാണ് നേതാക്കൾ ആർച്ച് ബിഷപ്പിനെ കാണാൻ എത്തിയതെന്ന് പി. രഘുനാഥ് പറഞ്ഞു. ഈസ്റ്റർ, ക്രിസ്മസ് ദിനത്തിൽ വർഷങ്ങളായി ഭവനസന്ദർശനം നടത്തുന്നുണ്ടെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. എല്ലാ ജില്ലകളിലും നേതാക്കൾ ഈസ്റ്റർ സന്ദേശവുമായി സന്ദർശനം നടത്തുന്നുണ്ടെന്നാണ് എം.ടി. രമേശ് അറിയിച്ചത്. മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല എന്നു മാത്രം. ബിജെപിക്ക് ഇത് വാർത്തയാക്കണം എന്നില്ലെന്നും രമേശ് പറഞ്ഞു.

മുൻ വർഷങ്ങളിൽ ഈസ്റ്ററിന് പത്തുദിവസം മുൻപേതന്നെ സ്നേഹയാത്ര എന്ന പേരിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. ആശംസകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യേശുദേവന്റേയും ചിത്രങ്ങളുള്ള ആശംസാ കാർഡുകളും കൈമാറിയിരുന്നു. എന്നാൽ ഇത്തവണ ഇതിന് പകരമായി ദേവാലയങ്ങൾ സന്ദർശിക്കാനായിരുന്നു ജില്ലാ അധ്യക്ഷൻമാർക്ക് ബിജെപി നേതൃത്വത്തിന്റെ നിർദേശം. 

മുനമ്പം പ്രശ്നം നിയമപരമായി മാത്രമെ പരിഹരിക്കാനാകുവെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ  പ്രസ്താവനക്ക് പിന്നാലെ കത്തോലിക്ക സഭാ ബിഷപ്പുമാർ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനോട് ചേർത്താണ് സ്നേഹ സന്ദേശ യാത്ര വേണ്ടെന്ന തീരുമാനവും ചർച്ചയായത്. ഇതോടെ പ്രശ്നപരിഹാരമെന്ന നിലക്ക്  നേതാക്കൾ രംഗത്തിറങ്ങി. സമവായ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ മാർ ജോർജ് ആലഞ്ചേരിയെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാർ ആൻഡ്രൂസ് താഴത്തിനെയും കണ്ട് ആശംസകളും മധുരവും കൈമാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com