മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: ഉത്തരവാദികൾ ഇടത്-വലത് മുന്നണികൾ, ഇത് കേരളത്തിലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

നമ്മുടെ മക്കളെ ആരാണ് ഈ ഗതികേടിലെത്തിച്ചതെന്ന തലക്കെട്ടോടെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റ്.
മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: ഉത്തരവാദികൾ ഇടത്-വലത് മുന്നണികൾ, ഇത് കേരളത്തിലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Published on

കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളിലെ നടുക്കുന്ന തൊഴിൽ പീഡനത്തെ കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് പോസ്റ്റ് വഴി ക്രൂരതയുടെ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം. കേരളത്തിലാണ് ഇത് അരങ്ങേറുന്നതെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അവകാശവാദങ്ങൾക്കപ്പുറം ഇതാണ് കേരളത്തിലെ അവസ്ഥ. ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരാവാദികളെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

നമ്മുടെ മക്കളെ ആരാണ് ഈ ഗതികേടിലെത്തിച്ചതെന്ന തലക്കെട്ടോടെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റ്. ഇതിനൊപ്പം പിണറായി സർക്കാരിനെതിരായ വിമർശനങ്ങളുമുണ്ടായിരുന്നു. പലസ്തീന് വേണ്ടി കരയുന്ന പിണറായി വിജയനും കച്ചവട സിനിമകൾക്ക് വേണ്ടിപ്പോലും മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയും ഈ പാവം ചെറുപ്പക്കാരെ കാണുന്നില്ലേ എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. "നമ്മുടെ യുവാക്കളെ ഈ ഗതികേടിലെത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഇടതും വലതും മാറി മാറി ഭരിച്ച കേരളത്തിലെ സർക്കാരുകൾക്ക് മാത്രമാണ്. ഈയൊരു അവസ്ഥ മാറണം. കേരളത്തിലെ യുവാക്കൾക്ക് നമ്മുടെ നാട്ടിൽ അഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. കേരളം മാറണം. മാറിയേ തീരൂ," രാജീവ് ചന്ദ്രശേഖർ കുറിച്ചു.

കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്ത് കൊടിയ ചൂഷണത്തിനും ക്രൂരമായ പീഡനമുറകൾക്കും യുവതി- യുവാക്കളെ ഇരയാക്കുന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്. കൊച്ചിയിലെ ജിപിഎൽ (ജർമൻ ഫിസിക്കൽ ലബോറട്ടറി), എച്ച്പിഎൽ (ഹിന്ദുസ്ഥാൻ പവർ ലിങ്ക്) എന്നീ സ്ഥാപനങ്ങളിലാണ് വൻ ചൂഷണം നടക്കുന്നത്. വിൽപ്പന കുറഞ്ഞാൽ തല്ലും അവഹേളനവും, പട്ടിയെ പോലെ കഴുത്തിൽ തുടലിട്ട് വലിച്ചിഴയ്ക്കുകയും, നിലം നക്കിപ്പിക്കുകയും ചെയ്തെന്നും പലർക്കും അടിയേറ്റ് വായിൽ നിന്ന് ചോര വന്നെന്നും തൊഴിലാളികൾ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com