വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: മുഖ്യമന്ത്രി രാജിവെച്ചേ തീരൂവെന്ന് രാജീവ്‌ ചന്ദ്രശേഖർ

ആരോപണങ്ങളുടെ നിഴലിൽ നിന്നും മാറി നിൽക്കാൻ മുഖ്യമന്ത്രിക്ക് ഇനി ആവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: മുഖ്യമന്ത്രി രാജിവെച്ചേ തീരൂവെന്ന് രാജീവ്‌ ചന്ദ്രശേഖർ
Published on

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതോടെ ആരോപണങ്ങളുടെ നിഴലിൽ നിന്നും മാറി നിൽക്കാൻ മുഖ്യമന്ത്രിക്ക് ഇനി ആവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മധുരയിൽ തുടരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഈ വിഷയം ചർച്ച ചെയ്യണം. കാരണം രാജ്യത്ത് സിപിഎമ്മിൻ്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ കുടുംബമാണ് ഇപ്പോൾ ഗുരുതരമായ അഴിമതിക്കേസിൽ അകപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് കേരളം വ്യവസായ സൗഹൃദമാണെന്ന് പിണറായി വിജയൻ വീമ്പിളക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മകളുടെ ബിസിനസുകൾ ബാംഗ്ലൂരിലും മറ്റിടങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ കാരണവും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 'വീണ സർവീസ് ടാക്സ്' പോലെ, ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.


രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ കേരളത്തിലും പുരോഗതി യാഥാർഥ്യമാകണമെങ്കിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാഷ്ട്രീയത്തിന് അവസാനമുണ്ടായേ തീരൂ. അതിനാൽ കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജീവ്‌ ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസില്‍ വീണയെ പ്രതി ചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീണാ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ ആരോപണം. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍. വീണാ വിജയനെ പ്രതിചേർത്തോടെ രാഷ്ട്രീയ കേരളത്തിലെ വലിയ വിവാദ വിഷയമായി ഇത് മാറിയിരിക്കുകയാണ്. മകളെ പ്രതി ചേർത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ നോക്കളും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com