
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗമായി ബിജെപി സ്ഥാനാർഥി സുന്ദർ സിങ്ങ് തൻവാർ തെരഞ്ഞെടുക്കപ്പെട്ടു. ആം ആദ്മി പാർട്ടിയും കോൺഗ്രസും വിട്ട് നിന്നതിന് പിന്നാലെയാണ് ബിജെപിയുടെ വിജയം. ബിജെപി കൗൺസിലർമാർ മാത്രമാണ് തെരഞ്ഞെടുപ്പിനായുള്ള യോഗത്തിലുണ്ടായിരുന്നത്. ഇതോടെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ 115 ബിജെപി കൗൺസിലർമാരുടെ വോട്ടുകളും സുന്ദർ സിങ്ങ് തൻവാർ നേടി.
എഎപിയും കോൺഗ്രസുമില്ലാതെ നടന്ന തെരഞ്ഞെടുപ്പായതിനാൽ സുന്ദർതൻവറിൻ്റെ വിജയം കോടതിയിലേക്കെത്തിയേക്കും. ഡൽഹി മുന്‍സിപ്പൽ ബോഡിയുടെ യഥാർഥ ശക്തിയായാണ് സ്റ്റാൻഡിങ്ങ് കമ്മിറ്റി വിലയിരുത്തപ്പെടുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലെ 18 അംഗങ്ങളിൽ 10 പേരും ഇപ്പോൾ ബിജെപിയുടെ പ്രതിനിധികളാണ്.
അതേസമയം തെരഞ്ഞെടുപ്പുമായി സഹകരിച്ചിരുന്നെങ്കിൽ 125 കൗൺസിലർമാരുള്ള എഎപിക്ക് ജയിക്കാമായിരുന്നു. കൂടാതെ മുനിസിപ്പൽ ബോഡിയുടെ സാമ്പത്തിക നയങ്ങളിലടക്കം തീരുമാനമെടുക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിയന്ത്രണവും എഎപിക്ക് സ്വന്തമാക്കാമായിരുന്നു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗത്തിൻ്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയുടെ ഉത്തരലിറങ്ങുന്നത്. രാത്രി 10 മണിയോടെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നായിരുന്നു കത്തിലെ നിർദേശം. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് കാട്ടി എഎപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
"നമ്മൾ ജനാധിപത്യത്തിന് കീഴിലാണ് ജീവിക്കുന്നത്, എപ്പോൾ സഭ വിളിച്ചാലും കൗൺസിലർമാർക്ക് എത്തിച്ചേരാനായി 72 മണിക്കൂർ നൽകുമെന്ന് നിയമമുണ്ട്. ഓരോ കൗൺസിലർക്കും സമയം വേണം. ലെഫ്റ്റനൻ്റ് ഗവർണറുടെ ഉദ്ദേശത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ട്." മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് ചിന്തിച്ചപ്പോഴാണ് ഈ നീക്കത്തിന് പിന്നിലെ യഥാർഥ കാര്യം മനസിലായത്. എഎപിയുടെയും കോൺഗ്രസിൻ്റെയും കൗൺസിലർമാർ മുന്‍സിപ്പൽ കോർപ്പറേഷൻ സഭയിൽ നിന്ന് ഇറങ്ങിയപ്പോൾ ബിജെപി മാത്രമായിരുന്നു സഭയിൽ ബാക്കിയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷണർ ഉത്തരവ് 10 മണിക്ക് വരുമെന്ന് അവർക്കറിയാമായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ബിജെപി നേതാക്കൾ അവിടെ നിൽക്കുന്നതെന്നും മനീഷ് സിസോദിയ ആരോപിച്ചു.