കശ്മീരില്‍ വീട് തകര്‍ക്കല്‍ തുടരുന്നു; കുപ്‌വാരയില്‍ ഭീകരന്റെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്
കശ്മീരില്‍ വീട് തകര്‍ക്കല്‍ തുടരുന്നു; കുപ്‌വാരയില്‍ ഭീകരന്റെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു
Published on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീട് തകര്‍ക്കല്‍ തുടരുന്നു. കുപ്‌വാര ജില്ലയിലെ കലാറൂസ് പ്രദേശത്തുള്ള പാക് അധിനിവേശ കശ്മീരിലെ ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ബോംബ് വെച്ച് തകര്‍ത്തത്.

കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച ശ്രീനഗറിലെ അറുപതോളം സ്ഥലങ്ങളിലാണ് ജമ്മു-കശ്മീര്‍ പൊലീസ് പരിശോധന നടത്തിയത്. പുല്‍വാമ, ഷോപിയാന്‍, കുപ്വാര, കുല്‍ഗാം ജില്ലകളിലായി ഭീകരരെന്ന് ആരോപിക്കപ്പെടുന്നവരുടെ നാല് വീടുകളാണ് തകര്‍ത്തത്.

കഴിഞ്ഞ ദിവസം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമദ് ഷെയ്ഖ്, ആദില്‍ അഹമദ് തോക്കര്‍, ഷാഹിദ് അഹമദ് കട്ടെയ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു. പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരില്‍ ഒരാളാണ് ആദില്‍ തോക്കര്‍ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎക്ക് കൈമാറി. ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് നിഗമനം. 28 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com