
വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച കുറ്റം സമ്മതിച്ച് 17കാരൻ. മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനാണ് കുറ്റം സമ്മതിച്ചത്. സുഹൃത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർച്ചയായ ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രവ്യോമയാന വകുപ്പ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.ഇന്നും രണ്ട് വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയർന്നിരുന്നു. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാ ബാദിലും അടിയന്തര ലാൻഡിംഗ് നടത്തി.
ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യു.പി.-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്‌റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.