അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
വെടിനിർത്തൽ കരാറിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകള്‍ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലും പൂഞ്ചിലും അഖ്നൂരിലും പുതിയ ഡ്രോണ്‍ സെെറ്റിംഗുകളില്ല. ഡ്രോണ്‍ തകർന്നുവീണ പഞ്ചാബിലെ ഫിറോസ്‌പൂരിലും, പത്താന്‍കോട്ടിലും നിലവിൽ സ്ഥിതി ശാന്തമാണ്.
കശ്മീരടക്കം ഇന്ത്യ-പാകിസ്ഥാൻ തിര്‍ത്തി മേഖലകളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു അടക്കമുള്ള അതിര്‍ത്തി മേഖലകളും സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.
അതേസമയം, അമൃത്സറില്‍ ഹെെ അലർട്ട് തുടരുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്നും ജനാലകള്‍ക്ക് സമീപം പോകരുതെന്നും കളക്ടറുടെ നിർദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിലെ വെെദ്യുതി പുനസ്ഥാപിച്ചു. സെെറണുകള്‍ മുഴങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വെടിനിർത്തൽ കരാറിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. ശ്രീനഗറിലും ഉധംപൂരിലും ഡ്രോൺ ആക്രമണം ഉണ്ടായാതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജമ്മുവിലുണ്ടായ പാക് ഷെൽ ആക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പഞ്ചാബിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക കേന്ദ്രത്തിന് സമീപവും ഏറ്റുമുട്ടലുണ്ടായി. വെടിവയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റതായി വൈറ്റ് നൈറ്റ് കോർപ്സ് സേനാവിഭാഗം അറിയിച്ചു. മേഖലയിൽ സംശയാസ്പദമായ നീക്കമുണ്ടെന്നും അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു. പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.