"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ

"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ

തുടർച്ചയായി അന്താരാഷ്ട്ര അതിർത്തിയും എൽഒസിയും ലംഘിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Published on


ശനിയാഴ്ച രാത്രി വെടിനിർത്തൽ കരാർ ലംഘിച്ചും ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടന്നും പാകിസ്ഥാൻ സൈന്യം നടത്തിയ അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സായുധ സേന സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. തുടർച്ചയായി അന്താരാഷ്ട്ര അതിർത്തിയും എൽഒസിയും ലംഘിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സൈനിക നടപടി നിർത്തലാക്കുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാർ തമ്മിൽ ഇന്ന് വൈകുന്നേരം ഒരു ധാരണയിലെത്തി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഈ ധാരണ പാകിസ്ഥാൻ ലംഘിക്കുകയാണ്. അതിർത്തിയിലേക്ക് കടന്നുകയറി പാകിസ്ഥാൻ നടത്തിയ അക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുകയും അതിനെ നേരിടുകയും ചെയ്തു," വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

"ഈ നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയമാണ്, പാകിസ്ഥാനാണ് ഇതിന് ഉത്തരവാദി. പാകിസ്ഥാൻ ഈ സാഹചര്യം ശരിയായി മനസിലാക്കുകയും ഈ നുഴഞ്ഞുകയറ്റം തടയാൻ ഉടനടി ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," വിക്രം മിസ്രി കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com