സ്ക്രീനിൽ അടുത്ത നിമിഷം സംഭവിക്കുക എന്താണെന്ന് പ്രവചിക്കാൻ സാധിക്കുമെന്ന കാണിയുടെ തോന്നലിനുമേലാണ് ഹിച്ച്കോക്ക് രഹസ്യങ്ങള്‍ നിറഞ്ഞ സീനുകള്‍ കൊണ്ടുവെച്ചത്
ഒരു സസ്പെൻസ് സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകരാണ്. അവർ സ്ക്രീനിലേക്ക് ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്. അടുത്തിരിക്കുന്നവരേക്കാൾ മുൻപ് ആ പസിൽ സോൾവ് ചെയ്യുകയാണ് ഓരോ കാണിയുടേയും ലക്ഷ്യം. അപ്പോഴതാ സ്ക്രീനിലേക്ക് ഒരു ഷവർ സീൻ വരുന്നു. സുന്ദരിയായ ഒരു യുവതി കുളിച്ചുകൊണ്ട് നിൽക്കുകയാണ്. പെട്ടെന്ന് ബാത്ത് റൂം കർട്ടൺ നീങ്ങുന്നു. സില്ലൗട്ടിൽ ഒരു രൂപം. അവരുടെ കയ്യിലെ കത്തി ഉയർന്നു താഴുന്നു. 45 സെക്കൻഡിൽ 52 കട്ടുകൾ. അലറിവിളിക്കുന്ന യുവതിയുടെ എക്സട്രീം ക്ലോസ്. പശ്ചാത്തലത്തിൽ നിലവിളിക്കുന്ന വയലിന്റെ ശബ്ദം.
സ്ക്രീനിൽ അടുത്ത നിമിഷം സംഭവിക്കുക എന്താണെന്ന് പ്രവചിക്കാൻ സാധിക്കുമെന്ന കാണിയുടെ തോന്നലിനുമേലാണ് അയാൾ ഈ സീൻ കൊണ്ടുവെച്ചത്. ഇതാദ്യമായല്ല അയാൾ ക്ലീഷേയ്ക്ക് മേൽ കത്തിവയ്ക്കുന്നത്. അത് അയാളുടെ ശീലമാണ്. നമ്മൾ ആ ശീലത്തിന് ഇട്ട പേരാണ് ഹിച്ച്കോക്ക് സിനിമകൾ.
ഒരു ദിവസം ലണ്ടനിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് അഞ്ചുവയസുകാരൻ ആൽഫ്രഡ്, അച്ഛൻ തന്നുവിട്ട ഒരു കുറിപ്പുമായി എത്തി. നോട്ട് വായിച്ച പൊലീസുകാരൻ ആ അഞ്ചു വയസുകാരനെ 10 മിനിറ്റോളം സെല്ലിൽ പൂട്ടിയിട്ടു. "വഴക്കാളി പിള്ളേരോട് ഞങ്ങൾ ഇങ്ങനെയാണ് ചെയ്യുന്നത്" എന്ന് പറഞ്ഞ് ആ പൊലീസുകാരൻ തുറന്നുവിടുമ്പോഴും എന്തിനാണ് അച്ഛൻ തന്നെ ശിക്ഷിച്ചതെന്ന് ആൽഫ്രഡിന് മനസിലായില്ല. അവൻ ഒരു മര്യാദക്കാരനായിരുന്നു. കുടുംബക്കാർ കൂടുമ്പോൾ പോലും ഒരു മൂലയിൽ മാറി അവരെ നോക്കിയിരിക്കുന്ന ഒരു നിശബ്ദസാന്നിധ്യം. കൂട്ടുകാരില്ലാത്തതിനാൽ സ്വയം കളികൾ ഉണ്ടാക്കി കളിക്കുന്ന പ്രകൃതം.
16 വയസുമുതൽ ഹിച്ച്കോക്കിന് മോഷൻ പിക്‌ച്ചേഴ്സിനോട് താൽപ്പര്യം തോന്നിത്തുടങ്ങിയിരുന്നു. ഗൗരവമേറിയ സിനിമാ വാരികകൾ വായിച്ചു തുടങ്ങിയ ഈ പ്രേമം ഒടുവിൽ അവനെ പാരമൗണ്ടിന്റെ ഫേമസ് പ്ലയേഴ്സ് ലാസ്കിയിൽ എത്തിച്ചു. ഫേമസ് പ്ലയേഴ്സിന്റെ ഒരു പരസ്യമാണ് ഹിച്ച്കോക്കിന് മുന്നിൽ സിനിമയിലേക്കുള്ള വഴി തുറന്നത്. നിശബ്ദ ചിത്രങ്ങളുടെ കാലമാണത്. കഥാപാത്രങ്ങൾ ചുണ്ടുകൾ അനക്കുകയേ ഉള്ളൂ. പശ്ചാത്തല സംഗീതവും ഇടയ്ക്ക് വരുന്ന ഡയലോഗ് കാർഡുകളുമാണ് ആശയം പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കുക. ഇത്തരത്തിലുള്ള ഡയലോഗ് കാർഡുകൾ എഴുതിയാണ് ഹിച്ച്കോക്കിന്റെ തുടക്കം. ഹിച്ച്കോക്കിന്റെ കാർഡുകൾ പല മോശം സിനിമകളേയും അടിമുടിമാറ്റി. ഹിറ്റുകളാക്കി. പതിയെ അയാൾ ടൈറ്റിൽ ഡിപ്പാർട്ട്മെന്റിന്റെ തലവനായി.
Also Read: VIDEO | എന്താകും ടാരന്‍റീനോയുടെ പത്താം പടം? ഹോളിവുഡിലെ 'സിനിമാ പ്രാന്തന്‍റെ' കഥ
1923ൽ ഗ്രഹാം കട്സ് സംവിധാനം ചെയ്ത 'വുമൺ ടു വുമൺ' ആണ് ഹിച്ച്കോക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത്, അസിസ്റ്റന്റ് ഡയറക്ടർ, ആർട്ട് ഡയറക്ടർ എന്നിങ്ങനെ പല ജോലികൾ ചെയ്ത് ഹിച്ച്കോക്ക് സിനിമ പഠിച്ചെടുത്തു. അയാൾ ചെറിയ സ്ക്രിപ്റ്റുകൾ എഴുതാനും, ചില സീനുകൾ ഷൂട്ട് ചെയ്യാനും തുടങ്ങി. ഫേമസ് പ്ലയേഴ്സ്, ബ്രിട്ടീഷ് കമ്പനികൾ ഏറ്റെടുത്തതോടെ ആൽഫ്രഡിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ തുടങ്ങി. ബ്രിട്ടീഷ് നിർമാതാവ് മൈക്കിൾ ബാൾക്കനാണ് ഹിച്ച്കോക്കിനോട് ആദ്യമായി ആ ചോദ്യം ചോദിക്കുന്നത്: നിനക്ക് ഒരു സിനിമ ചെയ്തു കൂടെ? ആ ചോദ്യത്തിൽ നിന്ന് ഹോളിവുഡിന് ലഭിച്ചത് സസ്പെൻസിന്റെ മാസ്റ്ററിനെയാണ്.
'പ്ലഷർ ഗാർഡന്‍' ആണ് ആദ്യ ചിത്രമെങ്കിലും 1927ൽ ഇറങ്ങിയ ലോഡ്ജറാണ് ആദ്യ ഹിച്ച്കോക്ക് സ്റ്റൈൽ നിറഞ്ഞ സിനിമ. ജാക്ക് ദ റിപ്പർ എന്ന ഭയത്തെയാണ് ഹിച്ച്കോക്ക് വിദഗ്ധമാണ് സിനിമയിൽ പ്രയോജനപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സസ്പെൻസ് എന്ന ഴോണറിൽ പരമാവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. എന്താണ് ഈ ഹിച്ച്കോക്കിയൻ പസിലുകളുടെ രസതന്ത്രം? അത് മനസിലാക്കണമെങ്കിൽ ഹിച്ച്കോക്കിന്റെ 'സിനിമാ ഭാഷ' എന്താണെന്ന് മനസിലാക്കണം.
Also Read: VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും
ദൃശ്യങ്ങളിലൂടെ കഥപറയാൻ സാധിച്ചില്ലെങ്കിൽ മാത്രമേ ഹിച്ച്കോക്ക് സംഭാഷണങ്ങളെ ആശ്രയിക്കാറുള്ളൂ. സദാ നീങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറാ കഥാഗതിയിൽ നമ്മൾ അറിയേണ്ട കാര്യങ്ങളുടെ സൂചനകൾ നൽകിക്കൊണ്ടേയിരിക്കും. തനിക്ക് എല്ലാ ഷോട്ടുകളും, എല്ലാ ആംഗിളുകളും അറിയാം എന്ന ആത്മവിശ്വാസമാണ് ഇത്തരത്തിൽ വിഷ്വലിൽ മുറുക്കെപിടിക്കാൻ ഹിച്ച്കോക്കിനെ പ്രേരിപ്പിക്കുന്നത്. സിനിമ ഷൂട്ട് ചെയ്യുക എന്നത് അയാൾക്ക് ഒരു ഓർക്കെസ്ട്ര കണ്ടക്ട് ചെയ്യുന്നത് പോലെയാണ്. വൈഡിൽ നിന്ന് ക്ലോസിലേക്കുള്ള ഒരു ഷോട്ട് മതി ഹിച്ച്കോക്കിന് കഥാപാത്രത്തിന്റെ ഞെട്ടൽ സ്ക്രീനിലെത്തിക്കാൻ. ഇനി ഇതേ വൈഡിൽ നിന്ന് ഒരു ട്രാക്കിങ് ഷോട്ടിലൂടെയാണ് ക്ലോസിലേക്ക് എത്തുന്നതെങ്കിൽ ഉറപ്പിച്ചുകൊള്ളൂ, ഇതാ ഒരു രഹസ്യം നമ്മൾ മാത്രമായി കാണാൻ പോകുന്നു!
കഥാപാത്രങ്ങളുമായി പ്രേക്ഷകർ എത്ര അടുക്കണമെന്ന് പോലും ഹിച്ച്കോക്ക് തീരുമാനിക്കും. അതും ക്യാമറാ ആംഗിളുകളിലൂടെ. ക്ലോസപ്പാണെങ്കിൽ ഏതെങ്കിലും ഒരു വികാരത്തെ എടുത്തുകാണിക്കാനാകും. മിക്കവാറും സംശയം അല്ലെങ്കിൽ പരിഭ്രമം. ഹൈ ആംഗിളാണെങ്കിൽ നമ്മൾ അതിമാനുഷമായ എന്തിനോ ആണ് സാക്ഷിയാകുന്നത് എന്ന് അർഥം. സൈഡിലാണ് ക്യാമറ എങ്കിൽ അത് ആ ക്യാരക്ടറിന്റെ കുറ്റബോധത്തെ കുറിക്കാനാണ്. വൈഡ് ഷോട്ടുകൾ കഥാപാത്രത്തിൽ നിന്ന് വിട്ടുനിന്നുള്ള കാഴ്ചയാണ്. അവിടെ പശ്ചാത്തലത്തിനാണ് പ്രാധാന്യം. അതായത് ക്യാമറ വെറുതെ ഭംഗിക്ക് വയ്ക്കുകയല്ല. മറിച്ച് മ്യൂസിക്കൽ നോട്ട് പോലെ സസ്പെൻസ് എന്ന വികാരത്തെ ഇഴചേർക്കുകയാണ്. ഒന്ന് പിഴച്ചാൽ എല്ലാം തകരും. പക്ഷേ ഹിച്ച്കോക്കിന് ഒരിക്കൽ പോലും പിഴച്ചില്ല.
Also Read: VIDEO | AI ആർട്ട് മാത്രമല്ല GHIBLI; ഹയാവോ മിയാസാക്കിയുടെ മാന്ത്രിക വരകള്‍
ഇങ്ങനെ ഷോട്ട് എടുക്കുന്നതിൽ മാത്രമല്ല ഹിച്ച്കോക്ക് മികച്ച് നിന്നത്. അത് എങ്ങനെ എഡിറ്റ് ചെയ്യണം എന്ന കാര്യത്തിലും ഹിച്ച്കോക്കിന് ധാരണയുണ്ടായിരുന്നു. ഒരു കഥാപാത്രത്തിന്റെ വികാരത്തിനൊപ്പം പ്രേക്ഷകനെ പറഞ്ഞു വിട്ട് ഒടുവിൽ ആ ബന്ധം എവിടെ വിച്ഛേദിക്കുന്നു എന്നിടത്താണ് കഥയുടെ ഒഴുക്ക് കിടക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. പലപ്പോഴും ഷോട്ടുകളിൽ നിന്ന് കട്ട് ചെയ്യാതെ തന്നെ അടുത്ത ഷോട്ടിലേക്ക് ക്യാമറ നീങ്ങും. ഇത് ആ സന്ദർഭത്തിന്റെ ടെൻഷൻ വർധിപ്പിക്കും. ഫാസ്റ്റ് കട്ടിങ്ങുകളും ഹിച്ച്കോക്ക് ഉപയോഗിച്ചു കാണാറുണ്ട്. ഒരു മൊമന്റിനെ പലരുടെ കാഴ്ചപ്പാടിലുള്ള പല കഷണങ്ങളായി മുറിക്കും. എന്നിട്ട് ഒരു പോയിന്റിലേക്ക് എത്തിക്കും. സ്ക്രീനിൽ കാണാത്ത പലതും കാണികളുടെ ഭാവനയിൽ എത്തിക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്.
ഇനി ഹിച്ച്കോക്കിന്റെ മറ്റൊരു സിനിമാറ്റിക് ടൂളിലേക്ക് പോകാം. കഥാപാത്രങ്ങൾ, അവരുടെ ശരീരം. ഒരു കഥാപാത്രത്തിന്റെ നാടകീയമായ അവതരണത്തിന് പലപ്പോഴും കാലുകളാണ് ഹിച്ച്കോക്ക് ഉപയോഗിക്കുക. സ്ഥലം, അവരുടെ മനോനില എന്നിവയൊക്കെ ആ കാലുകളുടെ ചലനങ്ങൾ പറഞ്ഞു തരും. ഇനി അവരുടെ കൈകൾ എടുത്താലോ? അവ എന്തെങ്കിലും വസ്തുക്കളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ടാകും. അത് ചിലപ്പോൾ ഒരു മർഡർ വെപ്പണോ തെളിവോ ആയിരിക്കും. ആ സമ്പർക്കമാകും കഥയിലെ ബ്രേക്ക് ത്രൂ...ഈ ഫോർമുലയിലേക്ക് കണ്ണുകൾ കൂടിയെത്തുമ്പോഴാണ് ഒരു ഹിച്ച്കോക്കിയൻ വിഷ്വൽ സെന്റൻസ് പൂർത്തിയാകുന്നത്. ഓരോ കഥാപാത്രത്തിന്റെ നോട്ടവും നമ്മളെ സംവിധായകൻ നിശ്ചയിച്ചിരിക്കുന്ന പാതിയിലൂടെ, ആ പാതയിലൂടെ മാത്രം സഞ്ചിരിപ്പിക്കുന്നതാണ്. അവിടെ വഴിമാറി നടക്കാനുള്ള ഓപ്ഷനില്ല.
ഇതെല്ലാം ഉണ്ടെങ്കിലും സസ്പെൻസിന്റെ കാതൽ കഥാപാത്ര നിർമിതിയാണ്. അവരാണ് സംശയങ്ങളും നിഗമനങ്ങളുമായി കഥയെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഹിച്ച്കോക്ക് സിനിമകളിൽ അവരെത്തുക സാധാരണക്കാരായാണ്. പെട്ടെന്ന് അവർ അസാധാരണ സംഭവങ്ങളുടെ ഭാഗമാകുന്നു. റെയർ വിൻഡോയിലെ കാലോടിഞ്ഞ് വിശ്രമിക്കുന്ന ഫോട്ടോഗ്രാഫറും വെർട്ടിഗോയിലെ എക്സ് ഡിറ്റക്ടീവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. അവർ എന്തിൽ നിന്ന് ഓടിയൊളിക്കുന്നോ അതിൽ തന്നെ ചെന്നെത്തുന്നു. അവർക്കായി പ്രേക്ഷകർ വ്യാകുലപ്പെടുന്നു. അതിനിടയിൽ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും. നമ്മളെ അയാൾ ഒരേ സമയം കഥാപാത്രങ്ങളുമായി അടുപ്പിച്ച് കഥയിലെ രഹസ്യങ്ങളിൽ നിന്നും അകലത്ത് നിർത്തുകയാണ്.
ഇന്നത്തെ പല സിനിമകളിലും കാണുന്നത് പോലെ സസ്പെൻസ് കൊണ്ടുവരാൻ ഇരുട്ടോ, ഗോഡൗണോ, ചെവിതുളഞ്ഞു കയറുന്ന സംഗീതമോ ഹിച്ച്കോക്കിന് അവശ്യമില്ല. 'ദാ ഞെട്ടാൻ റെഡിയായിക്കോ' എന്ന അനൗൺസ്മെന്റ് ഇല്ലാതെയാണ് ഹിച്ച്കോക്ക് സിനിമകളിൽ പ്ലോട്ട് ട്വിസ്റ്റുകൾ കടന്നുവരിക. അത് ചിലപ്പോൾ നോർത്ത് ബൈ നോർത്ത് വെസ്റ്റിലേതുപോലെ വിശാലമായ തുറസിൽ നായകനെ ചേസ് ചെയ്യുന്ന ഒരു പ്ലെയിനായിട്ടായിരിക്കും എത്തുക. അതുമല്ലെങ്കിൽ ഏറ്റവും സുരക്ഷിതമായ സ്വകാര്യയിടമെന്ന് കരുതുന്ന ബാത്ത് റൂമിലാകും ഹിച്ച്കോക്ക് അപകടം ഒളിപ്പിച്ചുവെച്ചിരിക്കുക.
ഹിച്ച്കോക്കിന്റെ ഈ ടെൻഷൻ ബിൽഡിങ്ങിന്റെ, അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ പൂർണതയാണ് സൈക്കോയിലെ ഷവർ സീൻ. ആ സീനിന്റെ താളം പറയും ഹിച്ച്കോക്ക് ആരാണെന്നും എന്താണെന്നും. ബേറ്റ്സ് മോട്ടലിന്റെ ബാത്ത്റൂമിൽ ഷവറിന് കീഴെ കുളിച്ചുകൊണ്ടിരിക്കുന്ന നായിക മരിയോൺ. ഒരു സാധാരണ, സ്വകാര്യ നിമിഷം. വെള്ളത്തിന്റെ ശബ്ദത്തിൽ, തന്നെ തേടി വരുന്ന അപകടത്തെ അവൾ അറിയുന്നില്ല. ശാന്തത നിറഞ്ഞ മരിയോണിന്റെ മുഖത്തിന്റെ ക്ലോസ്. പെട്ടെന്നാണ് ട്രാൻസ്പെരന്റായ ബാത്ത്റൂം കർട്ടന് പിന്നിൽ ഒരു ഇരുണ്ട രൂപം പ്രത്യക്ഷപ്പെടുന്നത്. അത് മരിയൺ അറിയുന്നില്ല. പശ്ചാത്തലത്തിൽ വെള്ളത്തിന്റെ ശബ്ദം മാത്രം.നാടകീയമായ ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ അഭാവം പ്രേക്ഷകരെ നിസാഹായരാക്കുന്നു. പെട്ടെന്നാണ് ആക്രമണം.
Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍
കത്തി, മരിയോണിന്റെ മുഖം, വെള്ളത്തിനൊപ്പം ഒലിച്ചിറങ്ങുന്ന ചോര എന്നിവയുടെ എക്സ്ട്രീം ക്ലോസ്. ബെർണാഡ് ഹെർമാന്റെ ക്ലാസിക്ക് ബിജിഎം കൂടിയാകുമ്പോൾ മരിയോണിന്റെ ദേഹത്ത് കത്തിയിറങ്ങുന്നത് കാണാതെ തന്നെ കാണികൾ അവൾക്കൊപ്പം നിലവിളിച്ചുപൊകുന്നു. ഒരു യുവതി ഒരു മോട്ടലിൽവെച്ച് കുത്തേറ്റ് മരിക്കുന്നു എന്ന വൺലൈൻ ക്ലാസിക്കായത് വെറുതെയല്ല. 45 സെക്കൻഡുകളുള്ള ഈ സീനിൽ 72 ക്യാമറാ സെറ്റപ്പുകളും 52 കട്ടുകളുമാണ് ഉള്ളത്. ബാത്ത്റൂമിലെ പ്ലഗ് ഹോളിൽ നിന്ന് ക്യാമറ സ്പിൻ ചെയ്ത് മരിയോണിന്റെ നിശ്ചലമായ തുറന്ന കണ്ണിലേക്ക് ആ ഷോട്ട് ഡിസോൾവ് ചെയ്യുന്നിടത്ത് ഏതൊരു സിനിഫൈലും അറിയാതെ പറഞ്ഞുപോകും. ഇതാണ്, ഇതാണ് സിനിമ. ഹിച്ച്കോക്കിന്റെ പ്ലോട്ട് ട്വിസ്റ്റുകൾ സസ്നേഹം സുമിത്രയും മാന്നാർ മത്തായിയും ഒക്കെ ആകുമ്പോൾ നഷ്ടമാകുന്നതും ഈ ത്രില്ലാണ്.
ഹിച്ച്കോക്കിന്റെ ഏതൊരു പടമെടുത്താലും അതിൽ ഒരു ഒളിഞ്ഞുനോട്ടക്കാരൻ മറഞ്ഞുകിടപ്പുണ്ട്. ആ പീപ്പിങ് ടോം, കഥാപാത്രം മാത്രമല്ല, ഹിച്ച്കോക്ക് തന്നെയാണ്. വെർട്ടിഗോയിലെ സ്കോട്ടി, റെയർ വിൻഡോയിലെ ജെഫ്, സൈക്കോയിലെ നോർമർ എല്ലാം ഹിച്ച്കോക്ക് തന്നെ. പ്രേക്ഷകന്റെ രഹസ്യ കാമനകൾ, കുറ്റബോധം, കൗതുകം, എല്ലാം ഉപയോഗപ്പെടുത്തുകയാണ് ഹിച്ച്കോക്കിന്റെ ലക്ഷ്യം. എന്നാൽ അത് സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല. ബ്ലോണ്ട് സ്റ്റീരിയോടൈപ്പിനോടുള്ള ഒബ്സെഷൻ പോലെതന്നെ ആളുകളെ നിരീക്ഷിക്കുന്നതും ഒരു ഹിച്ച്കോക്കിയൻ രീതിയാണ്. അത് പലപ്പോഴും എതിരെ നിൽക്കുന്നവരെ അസ്വസ്തരാക്കുന്ന വിധത്തിലാകും.
പലപ്പോഴും സ്റ്റുഡിയോയിൽ നിശബ്ദനായിരുന്ന് ഹിച്ച്കോക്ക് ആളുകളെ രഹസ്യമായി നിരീക്ഷിക്കാറുണ്ടായിരുന്നു. എന്നിട്ട് അവരുടെ നടപ്പ്, ചിരി, ചലനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം മനസിൽ കുറിച്ചുവെയ്ക്കും. വീട്ടിലും ഇത് ഇങ്ങനെ തന്നെയായിരുന്നു. പാർട്ടികളിൽ അയാൾ അധികം സംസാരിക്കാറില്ല. അയാൾ നോക്കിയിരിക്കുകയാകും. അതിഥികളുടെ ആത്മാവിനെ കൊത്തിവലിക്കുന്ന നോട്ടം. എന്നാൽ തന്റെ സിനിമകളിൽ ക്യാമിയോ ആയി കടന്നുവരുമ്പോൾ അയാൾ വരുന്നതോ പോകുന്നതോ ആരും അറിഞ്ഞില്ല. അയാൾ സ്ക്രീനിലേക്ക് തുറിച്ച് നോക്കിയതുമില്ല. മേതിൽ സ്റ്റൈലിൽ പറഞ്ഞാൽ, ഹിച്ച്കോക്ക് ദൈവത്തെ പോലെയാണ്. അയാൾ വാക്യഘടനയിലോ അർഥത്തിലോ ഒരു മാറ്റവും വരുത്താതെ കടന്നുപോകുന്നു.
1960ൽ സൈക്കോയുടെ റിലീസിനൊപ്പം ഹിച്ച്കോക്ക് ഒരു മാനുവൽ പുറത്തിറക്കിയിരുന്നു. സൈക്കോ തിയേറ്റർ പോളിസി. സിനിമ തുടങ്ങിക്കഴിഞ്ഞാൽ പ്രവേശനമുണ്ടായിരിക്കില്ല എന്ന് തുടങ്ങി ക്ലൈമാക്സ് പുറത്തുവിടരുത്, അതൊന്നുമാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത് എന്നുവരെ അതിൽ പറഞ്ഞിരുന്നു. താൻ സൃഷ്ടിച്ച സസ്പെൻസിനെ ഏതെങ്കിലും ഒരു അരസികൻ നശിപ്പിക്കുന്നത് ആ മാസ്റ്റർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് ടൈറ്റിൽ കാർഡിൽ തുടങ്ങി സിനിമയിലെ ഓരോ ഇഞ്ചും സ്റ്റാറ്റസാക്കാൻ മൊബൈൽ ഉയർത്തുന്നവർ ഒന്ന് സുക്ഷിച്ച് ആ തിയേറ്ററിന്റെ ഇരുട്ടിലേക്ക് നോക്കൂ. ടക്സിഡോ ധരിച്ച, കഷണ്ടി കയറിയ തലയും തടിച്ച്, കുറിയ ശരീരമുള്ള ഒരു മനുഷ്യൻ നിങ്ങളെ സൂക്ഷിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടാകും. അയാളുടെ കണ്ണുകൾ പറയുന്നത് ഇത്രമാത്രമാണ്. ആർ യു ഷുവർ?