പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.
അതിർത്തി സംസ്ഥാനങ്ങളിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയാണ് ഇന്ത്യ. ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ പതറിയിട്ടും പാകിസ്ഥാൻ പ്രകോപനം തുടരുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്.
ഉറിയിലെ പാക് ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മെഡിക്കൽ കോളജിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യമുടനീളം അതീവ സുരക്ഷാവലയത്തിലാണ്. പഞ്ചാബിലെ കമാഹി ദേവി മേഖലയിൽ നിന്ന് മിസൈൽ കണ്ടെത്തി. ഹോഷിയാർപൂരിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
Also Read; IPL 2025: ഐപിഎൽ 18ാം സീസൺ ഉപേക്ഷിച്ച് ബിസിസിഐ; തീരുമാനം ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത്
പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം. ജമ്മു കശ്മീരിന് പുറമെ,രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.
ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. എല്ലാവരും വീടുകളിൽ കഴിയണമെന്നും, ലൈറ്റുകൾ തെളിയിക്കരുതെന്നും ജനാലകൾക്കരികിൽ നിൽക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അമൃത്സർ ഡിപിആർഒയുടെ നിർദേശത്തിൽ പറയുന്നു. പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.