പിഎസ്എൽ, ഐപിഎൽ മത്സരങ്ങൾ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങളുടെ സുരക്ഷയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ആശങ്കയറിയിച്ചിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ 18ാം സീസൺ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട് ഉച്ചയ്ക്ക് 12 മണിയോടെ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വൈകീട്ട് 3.30ഓടെ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഐപിഎൽ സംഘാടകരായ ബിസിസിഐ. ഐപിഎൽ പൂർണമായി ഉപേക്ഷിക്കില്ലെന്നാണ് അവർ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഒരാഴ്ച മത്സരങ്ങൾ നിർത്തിവെക്കാനാണ് തീരുമാനം. അതിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മത്സര തീയതികളും വേദികളും സമയക്രമവും പ്രഖ്യാപിക്കും. സംഘർഷത്തെ തുടർന്ന് പിഎസ്എൽ, ഐപിഎൽ മത്സരങ്ങൾ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങളുടെ സുരക്ഷയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ആശങ്കയറിയിച്ചിരുന്നു.
സംഘർഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു താരങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രസ്താവന. ഓസ്‌ട്രേലിയൻ സർക്കാരിന്റെയും, പിസിബി, ബിസിസിഐ എന്നിവരുടേയും നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ജമ്മു കശ്മീരിന് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം ഉപേക്ഷിച്ചിരുന്നു. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ധരംശാലയിലാണ് മത്സരം നടന്നത്. ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഓരോ മാച്ചും ഏറെ നിർണായകമായി മാറിയിരുന്നു.
ALSO READ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി
പഞ്ചാബ്-ഡൽഹി മത്സരം ഇടയ്ക്ക് വെച്ച് നിർത്തിയതും കാണികളെ കൂട്ടത്തോടെ ഒഴിപ്പിച്ചതും വലിയ ആശങ്കയാണ് കാണികൾക്കിടയിൽ സൃഷ്ടിച്ചത്. 23,000ത്തിനടുത്ത് കപ്പാസിറ്റിയുള്ള ഗ്രൗണ്ടിൽ 80 ശതമാനത്തോളം കാണികൾ വ്യാഴാഴ്ച സന്നിഹിതരായിരുന്നു. ആദ്യ ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് തകരാറെന്ന രീതിയിലാണ് കാണികളെ ഒഴിപ്പിക്കാൻ ശ്രമം നടന്നത്. പിന്നീടാണ് പാക് സൈന്യം ജമ്മു കശ്മീരിന് നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് യഥാർഥ ഭീഷണിയെന്ന് തിരിച്ചറിഞ്ഞത്. ചിയർ ഗേൾസ് ഉൾപ്പെടെയുള്ളവർ ഭയാശങ്കയിൽ സ്റ്റേഡിയം വിടുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.