
ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. തോടന്നൂർ തെക്കേമലയിൽ അനുരാഗ് ആണ് അറസ്റ്റിലായത്. സെയിൽസ് ആൻഡ് അഡ്വടെയ്സ്മെൻ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് അനുരാഗ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കമ്പോഡിയയിലെ കമ്പനിയിലേക്കു കടത്തിയത്. മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തൊഴിലന്വേഷകര്‍ക്ക് ജോലിയും, ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കമ്പോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് അറസ്റ്റിലായ അനുരാഗ്. കഴിഞ്ഞ ഒന്നര വര്‍ഷമായി കംബോഡിയയില്‍ ആയിരുന്ന അനുരാഗിനെ നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശേരിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ അനുരാഗ് മുന്‍പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
Also Read: അപകടം തുടർക്കഥയാകുമ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കെഎസ്ആർടിസി ബസ്സുകള്‍; നഷ്ടപരിഹാരത്തുകയില്‍ വലഞ്ഞ് കോർപ്പറേഷന്‍
പേരാമ്പ്ര കൂത്താളി സ്വദേശി അബിന്‍ ബാബു, കുന്നുമ്മല്‍ രാജീവന്‍ എന്നിവരടക്കം പേരാമ്പ്ര വടകര ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില്‍ നിന്നും ദിവസങ്ങളോളം ഇവർക്ക് ക്രൂര മര്‍ദ്ദനമുള്‍പ്പെടെ നേരിടേണ്ടി വന്നിരുന്നു.
കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബുവും വടകര മണിയൂര്‍ സ്വദേശികളായ അഞ്ചുപേരും ഒരു എടപ്പാള്‍ സ്വദേശിയും ബംഗളൂരുവിലുള്ള ഒരു യുവാവും ഈ സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും, പേരാമ്പ്ര സ്വദേശി രാജീവന്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങി കിടക്കുകയാണ്.
Also Read: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്
കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കായി പൊലീസ് വലവിരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി അനുരാഗിന് പേരാമ്പ്രയിലെ കേസിന് പുറമേ വടകര പൊലീസില്‍ 4 കേസുകളും, പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ കേസുകളും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.