
സംസ്ഥാനത്തെ പകുതിയിലധികം കെഎസ്ആർടിസി ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്തത് കോർപ്പറേഷന് അധിക ബാധ്യതയാകുന്നു. അപകടങ്ങളിൽ നഷ്ടപരിഹാരത്തുക മാനേജ്‌മന്‍റ് തന്നെ നൽകേണ്ടി വരുന്നതോടെ കെഎസ്ആർടിസി വീണ്ടും നഷ്ടത്തിലേക്കെത്തും. വർഷങ്ങൾ പഴക്കമേറിയ ബസുകൾ സർവീസ് നടത്തുന്നതും അപകട സാധ്യത കൂട്ടുന്നു. കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാവുമ്പോഴാണ് ഇൻഷുറൻസ് ഇല്ലെന്ന യാഥാർഥ്യം പുറത്തുവരുന്നത്.
ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കെഎസ്ആർടിസിക്ക് സ്വന്തമായുള്ള 5523 ബസുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ 2348 ബസുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളതെന്നാണ് വിവരാവകാശ രേഖയിലെ മറുപടി. ഇതിൽ ആകെയുള്ള 444 സ്വിഫ്റ്റ് ബസുകളും ഉൾപ്പെടും. ഇൻഷുറൻസ് എടുക്കാത്ത ബാക്കി മൂവായിരത്തിലധികം കെഎസ്ആർടിസി ബസുകളാണ് സംസ്ഥാനത്തു സർവീസ് നടത്തുന്നത്.
വാഹനാപകടത്തില്‍ നഷ്ടപരിഹാരത്തിന് കോടതിയിൽ ക്ലെയിം ചെയ്താൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണൽ അനുവദിക്കുന്ന ഫണ്ട് കെഎസ്ആർടിസി തനത് ഫണ്ടിൽ നിന്ന് കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കെഎസ്ആർടിസിയുടെ ആകെ വരുമാനത്തിൽ ഇങ്ങനെ അപകടത്തിൽ പെടുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് വഴി നല്ലൊരു സംഖ്യ പോകുന്നുണ്ട്. ഇത് വീണ്ടും കെഎസ്ആർടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമാകും.
ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ടാൽ ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴി തെളിയിക്കുമെന്നിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലോടുന്ന കെഎസ്ആർടിസി, എങ്ങനെ നഷ്ടപരിഹാരങ്ങൾക്കുള്ള തുക കണ്ടെത്തുമെന്നത് ചോദ്യമായി ഉയരുകയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഭീമമായ നഷ്ടപരിഹാരം കോർപ്പറേഷന് ബാധ്യതയാണ്.
Also Read: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്
അതേസമയം, 15 വർഷത്തിലധികം പഴക്കമുള്ള 1080 ബസുകളും സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്നുണ്ട്. ബസുകളുടെ ഫിറ്റ്നസ് പാലിക്കുന്നുണ്ടെന്ന് മന്ത്രി ഉറപ്പ് പറഞ്ഞെങ്കിൽ പോലും സമീപകാലത്ത് കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നതും തുടർക്കഥയാണ്.