
ഡിഎംകെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അഭ്യർഥനയ്ക്ക് പിന്നാലെ, സ്ഥാനാർഥികളെ പിൻവലിക്കില്ലെന്ന് അറിയിച്ച് പി.വി. അൻവർ എംഎൽഎ. ചേലക്കരയിൽ നിന്ന് രമ്യ ഹരിദാസിനെ പിൻവലിച്ചാൽ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് പി. വി. അൻവർ ആവർത്തിച്ചു.
തന്റെ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടതിൽ സന്തോഷമുണ്ട്. വിഷയത്തിൽ യുഡിഎഫുമായി ചർച്ചകൾ തുടരുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം കോൺഗ്രസിനുണ്ട്. ചേലക്കരയിലെ സ്ഥാനാർഥിയെ യുഡിഎഫ് പോലും തള്ളിപ്പറഞ്ഞുവെന്നും പി.വി. അൻവർ പറഞ്ഞു. ആർഎസ്എസിനെ പോലെ പിണറായിസത്തെയും എതിർക്കണമെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം, ലീഗ് മധ്യസ്ഥത വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പി.വി. അൻവർ മറുപടി ചിരിയിൽ ഒതുക്കി.
പാലക്കാടും ചേലക്കരയും പി. വി. അൻവറിന്റെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് വി.ഡി. സതീശൻ അഭ്യർഥിച്ചിരുന്നു. പി.വി. അൻവറിനോട് ഇക്കാര്യം ആവശ്യപ്പെട്ട് സന്ദേശവും കൈമാറിയിരുന്നു.
അതേസമയം, ചേലക്കരയിൽ നിന്ന് പിന്മാറില്ലെന്നും അത് അൻവറിൻ്റെ ഉറപ്പാണെന്നും ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ. സുധീർ നേരത്തെ അറിയിച്ചു. കോൺഗ്രസിൽ നിന്നടക്കം പലരും തന്നെ പിന്തുണയ്ക്കുന്നുണ്ട്. തിരുവില്വാമലയിലെ ഒരു പഞ്ചായത്ത് പ്രസിഡൻ്റ് തനിക്കൊപ്പം കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ കൊഴിഞ്ഞു പോക്കുണ്ടാവുമെന്നും അടുത്തിടെ കോൺഗ്രസ് വിട്ട സുധീർ ചൂണ്ടിക്കാട്ടി.
സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് അൻവർ. ചേലക്കര കേന്ദ്രീകരിച്ച് ഡിഎംകെ പ്രവർത്തിക്കും. എതിർ സ്ഥാനാർഥികളെ വില കുറച്ച് കാണുന്നില്ല. ഹിന്ദു സമൂഹത്തിനെ വിഷമിപ്പിച്ചു പോകുന്നത് ശരിയല്ലെന്നും തൃശൂർ പൂരം ഇവിടെയും സംസാരവിഷയമാകുമെന്നും സുധീർ പറഞ്ഞു.